KeralaNEWS

ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറച്ചതില്‍ ടെസ്റ്റ് ഗ്രൗണ്ടുകളില്‍ പ്രതിഷേധം; ഗണേഷിന്റെ കോലം കത്തിച്ചു, എല്ലാവരെയും വലച്ച് മന്ത്രിയുടെ വിചിത്രനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറച്ചതില്‍ വിവിധ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളില്‍ പ്രതിഷേധം. 50 പേര്‍ക്ക് മാത്രമേ ടെസ്റ്റ് നടത്താനാകൂ എന്ന നിര്‍ദേശത്തിന് പിന്നാലെയാണ് പ്രതിഷേധം. പലയിടത്തും ടെസ്റ്റിനായി എത്തിയത് 150 ഓളം പേരാണ്. തിരൂരങ്ങാടിയിലും കോഴിക്കോട് മുക്കത്തും ഗണേഷ് കുമാറിന്റെ കോലം കത്തിച്ചു. പാലക്കാട് ജില്ലയില്‍ ടെസ്റ്റ് നടക്കുന്ന മലമ്പുഴ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും ടെസ്റ്റിനെത്തിയവരും പ്രതിഷേധിക്കുകയാണ്.

ടെസ്റ്റ് കേന്ദ്രങ്ങളില്‍ 50 പേര്‍ക്ക് മാത്രമേ നടത്താനാകൂ എന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ ആര്‍.ടി.ഒ, ജോയിന്റ് ആര്‍.ടി.ഒമാരുടെയും യോഗത്തിലാണ് മന്ത്രി ഗണേഷ് കുമാര്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം വെട്ടിക്കുറക്കാനുള്ള നിര്‍ദേശം നല്‍കിയത്. ഇപ്പോള്‍ കേവലം 6 മിനിട്ടാണ് ഒരാള്‍ക്ക് ടെസ്റ്റിനെടുക്കുന്ന സമയം. ഈ സമയം കൊണ്ട് ആ വ്യക്തിയുടെ ഡ്രൈവിങ് ക്ഷമത അളക്കാനാവില്ലെന്നാണ് മന്ത്രിയുടെ വാദം. പൊതുവേ ഒരു ടെസ്റ്റ് കേന്ദ്രത്തില്‍ ദിവസം 100 പേര്‍ക്കെങ്കിലും ടെസ്റ്റ് നടത്താറുണ്ട്.

Signature-ad

പുതിയ നിര്‍ദേശം വരുമ്പോള്‍ ടെസ്റ്റിനുള്ള ബുക്കിങ് ലഭിച്ച് വരുന്നവരില്‍ നിന്ന് 50 പേരെ എങ്ങനെ തെരഞ്ഞെടുക്കുമെന്നതില്‍ ഉദ്യോഗസ്ഥര്‍ ആശയക്കുഴപ്പത്തിലാണ്. ഇതിനാല്‍ പലയിടത്തും ടെസ്റ്റ് മാറ്റിവക്കാനുള്ള അറിയിപ്പ് ജോയിന്റ് ആര്‍.ടി.ഒമാര്‍ നല്‍കി കഴിഞ്ഞു. പ്രധാന യോഗമായിരുന്നെങ്കിലും ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മീഷണറും യോഗത്തില്‍ പങ്കെടുത്തില്ല. മന്ത്രിയുമായുള്ള തര്‍ക്കം നിലനില്‍ക്കെ ഇനി കമ്മീഷണര്‍ മന്ത്രിയുടെ അംഗീകാരത്തോടെ മാത്രമേ സര്‍ക്കുലറുകള്‍ ഇറക്കാവൂ എന്ന വിചിത്ര നിര്‍ദേശവും ഗണേഷ് നല്‍കിയിട്ടുണ്ട്.

Back to top button
error: