ചണ്ഡീഗഡ്: ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐ.എന്‍.എല്‍.ഡി.) ഹരിയാന അധ്യക്ഷനും മുന്‍ എം.എല്‍.എയുമായ നഫേ സിങ് റാഠിയുടെ കൊലപാതകത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഹരിയാന പോലീസും ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലും സംയുക്തമായി ഗോവയില്‍ നടത്തിയ തിരച്ചിലിലാണ് ഷൂട്ടര്‍മാരായ പ്രതികള്‍ പിടിയിലായത്.
കുപ്രസിദ്ധ അക്രമിസംഘമായ കപില്‍ സാങ്വാന്‍ ഗ്യാങ്ങിലെ അംഗങ്ങളായ സൗരഭ്, ആശിഷ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മറ്റ് പ്രതികളെ കൂടി തിരിച്ചറിയാനും പിടികൂടാനുമുള്ള ശ്രമത്തിലാണെന്ന് ഝാജ്ജര്‍ എസ്.പി. അര്‍പിത് ജയിന്‍ പറഞ്ഞു. അക്രമിസംഘം ഉപയോഗിച്ച കാര്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഫെബ്രുവരി 25-ന് വൈകുന്നേരമാണ് റാഠി കൊല്ലപ്പെട്ടത്. ഝാജ്ജര്‍ ജില്ലയില്‍ അദ്ദേഹം സഞ്ചരിച്ച എസ്.യു.വിക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. റാഠിക്കൊപ്പം യാത്ര ചെയ്തിരുന്ന മറ്റൊരാള്‍ കൂടി കൊല്ലപ്പെടുകയും വേറെ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ബഹദൂര്‍ഗഢില്‍ വച്ചാണ് അക്രമം ഉണ്ടായത്.
കാറിലെത്തിയ അഞ്ചംഗ സംഘമാണ് റാഠിക്കും സംഘത്തിനും നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് അക്രമികള്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നഫേ സിങ് റാഠിയെയും അനുയായിയെയും രക്ഷപ്പെടുത്താനായില്ല
ഹരിയാന നിയമസഭയിലേക്ക് റാഠി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹരിയാന ഫോര്‍മര്‍ ലെജിസ്ലേറ്റേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു. ബഹദൂര്‍ഗഢ് മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാനായും അദ്ദേഹം രണ്ടുതവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്.