തിരുവനന്തപുരം: സുഹൃത്ത് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചേങ്കോട്ടുകോണം മേലെ കുണ്ടയത്ത് സോമസൗധത്തില്‍ സരിത(46) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് പൗഡിക്കോണം ചെല്ലമംഗലം വീട്ടില്‍ എസ്.ബിനു (50) സരിതയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.
സ്കൂട്ടറില്‍ സരിതയുടെ വീട്ടിലെത്തിയ പ്രതി കന്നാസില്‍ കരുതിയ പെട്രോള്‍ ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നു. നിലവിളികേട്ടെത്തിയ അയല്‍വാസികളാണ് സരിതയുടെ ദേഹത്തെ തീയണച്ചത്. തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ ബിനു വീടിനോടുചേര്‍ന്ന കിണറ്റില്‍ ചാടുകയും ചെയ്തു.
അക്രമം നടന്ന ഉടനെ പോലീസും അഗ്നിരക്ഷാസേനയും സരിതയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. വിനുവിനെ രക്ഷാസേനാംഗങ്ങള്‍ കിണറ്റില്‍നിന്ന് പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. വിധവയായ സരിത സമീപത്തെ സ്വകാര്യ സ്കൂളിലെ ആയയാണ്. ഡിഗ്രിക്കു പഠിക്കുന്ന മകളുണ്ട്.
വിനുവിന്റെ രണ്ടുമക്കളും ഈ സ്കൂളില്‍ പഠിക്കുന്നവരാണ്. ഇയാളുടെ വണ്ടിയില്‍ നിന്ന് മുളകുപൊടി കലര്‍ത്തിയ മണ്ണും വെട്ടുകത്തിയും കണ്ടെടുത്തു. സംഭവത്തില്‍ പോത്തന്‍കോട് പോലീസ് കേസെടുത്തു.