KeralaNEWS

“കിരീടം സമർപ്പിച്ചത് എന്റെ നേർച്ച, അത് മാതാവ് സ്വീകരിക്കും.” സുരേഷ് ഗോപി: സ്വര്‍ണക്കിരീടം സ്വർണമോ മുക്കു പണ്ടമോ എന്ന് ലൂര്‍ദ് കത്തീഡ്രലിലെ അഞ്ചംഗ സംഘം പരിശോധിക്കും

    സുരേഷ് ഗോപി തൃശൂർ ലൂർദ് കത്തീഡ്രലീൽ സമർപ്പിച്ച സ്വർണ കിരീടം പരിശോധിക്കും. കിരീടത്തിലെ സ്വർണത്തിന്റെ അളവ് പരിശോധിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. കിരീടത്തിൽ ഭൂരിഭാഗവും ചെമ്പ് ആണെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം ചേർന്ന ഇടവക പ്രതിനിധി യോഗത്തിലാണ് സ്വർണത്തിന്റെ അളവ് പരിശോധിക്കണമെന്ന് ആവശ്യമുയർന്നത്. കിരീടത്തിലെ സ്വര്‍ണത്തിന്‍റെ അളവ് കമ്മിറ്റി ശാസ്ത്രീയമായി പരിശോധിക്കും. പള്ളി വികാരിയടങ്ങുന്ന അഞ്ചംഗ കമ്മിറ്റി കിരീടത്തിലെ സ്വർണത്തിന്റെ അളവ് പരിശോധിച്ച് ഇടവക പ്രതിനിധി യോഗത്തിൽ അറിയിക്കും.

ജനുവരി 15നാണ് സുരേഷ് ഗോപി തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമർപ്പിച്ചത്. മകളുടെ വിവാഹത്തോടനുബന്ധിച്ചാണ് കിരീടം സമര്‍പ്പിച്ചത്. മാതാവിന്‍റെ രൂപത്തിൽ അണിയിച്ച കിരീടം അൽപസമയത്തിനകം താഴെ വീണതോടെ സുരേഷ് ഗോപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയര്‍ന്നിരുന്നു.

Signature-ad

തൃശൂർ കൗൺസിലറും ഇടവക സമിതി അംഗവുമായ ലീല വർഗീസ് അടക്കമുള്ളവരാണ് കിരീടം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. 500 ഗ്രാമിലധികം ഭാരമുള്ള കിരീടം ചെമ്പിൽ സ്വർണം പൂശിയാണ് നിർമിച്ചതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ  വാർത്തകൾ പ്രചരിച്ചു.
ഈ സാഹചര്യത്തിൽ ഭാവിയിൽ പള്ളി അധികൃതർ സംശയത്തിന്റെ നിഴലിലാവുമെന്നും സ്വർണത്തിന്റെ കൃത്യത വരുത്തേണ്ടത് അത്യാവശ്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടി. തുടർന്നാണ് കിരീടം പരിശോധിക്കാൻ തീരുമാനിച്ചത്.

തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി എന്ന നിലയിൽ ന്യൂനപക്ഷങ്ങളുടെയും സഭയുടെയും പ്രീതി സമ്പാദിക്കാനാണ് കിരീട സമർപ്പണമെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു.

ഇതിനിടെ  കിരീടം സമർപ്പിച്ചത് തന്റെ ആചാരമാണെന്നും മാതാവ് അതു സ്വീകരിക്കുമെന്നും കിരീട വിവാദത്തിൽ പ്രതികരിച്ചു കൊണ്ട്  നടനും തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ സുരേഷ്‌ ഗോപി പറഞ്ഞു:

‘‘കിരീടം സമർപ്പിച്ചത് എന്റെ ആചാരമാണ്, അത് മാതാവ് സ്വീകരിക്കും. എന്റെ ത്രാണിക്കനുസരിച്ചാണ് കിരീടം നൽകിയത്. എന്ന‌േക്കാൾ നൽകുന്ന വിശ്വാസികളുണ്ടാകാം. സ്വർണത്തിന്റെ കണക്കെടുക്കുന്നവർ സഹകരണ ബാങ്കുകളിലേക്ക് പോകണം. അവിടെ ചോരയും ജീവനും നഷ്‌ടപ്പെട്ടവരുടെ കണക്കെടുക്കണം’’

Back to top button
error: