
കോട്ടയം: കടുത്തുരുത്തിയില്‍ വയോധികയുടെ മാല പൊട്ടിച്ചുകടന്ന പ്രതി പിടിയില്‍. തലയോലപറമ്പ് സ്വദേശി പുളിക്കല്‍ ബിജോ പി ജോസാണ് അറസ്റ്റിലായത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കടുത്തുരുത്തി പൊലീസ് കുടുക്കിയത്.
കഴിഞ്ഞ വ്യാഴ്ചയാണ് സംഭവം. കടുത്തുരുത്തി അമ്പാട്ട് കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം കട നടത്തുന്ന പുത്തന്‍പുരയില്‍ സുമതിയമ്മയുടെ ഒന്നര പവന് തൂക്കമുള്ള സ്വര്‍ണമാലയാണ് ബിജോ കവര്‍ന്നത്. കടയില്‍ സോഡാ കുടിക്കാനെന്ന വ്യാജേനെയെത്തിയ ഇയാള്‍ സുമതിമ്മയുടെ മാല പൊട്ടിച്ചു സ്കൂട്ടറില്‍ കടന്നു കളയുകയായിരുന്നു.
തൊപ്പിയും കണ്ണടയും മാസ്കും ധരിച്ചിച്ചാണ് ഇയാള്‍ എത്തിയത്. സോഡ കുടിച്ച ശേഷം സെല്‍ഫിയെടുക്കാമെന്ന് പറഞ്ഞത് വയോധിക നിരസിച്ചു. ഇതിനിടെ മാല പൊട്ടിക്കുകയായിരുന്നു. കഴിഞ്ഞമാസം 24ന് വിദേശത്ത് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിങ്ങിയ ഇയാള്‍ വൈക്കത്ത് ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. ഇതിനിടെയാണ് കൃത്യം നടത്തിയതെന്ന് കടുത്തുരുത്തി പൊലീസ് വ്യക്തമാക്കി.






