IndiaNEWS

പശ്ചിമബംഗാളിലെ അസന്‍സോളില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി പിന്മാറി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അസന്‍സോള്‍ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് പിന്മാറി. ഭോജ്പുരി ഗായകനും നടനുമായ പവന്‍സിങ്ങാണ് താന്‍ മത്സരത്തില്‍നിന്ന് പിന്‍മാറുന്നതായി സാമൂഹിക മാധ്യമങ്ങള്‍ വഴി അറിയിച്ചത്. 195 പേരുടെ ആദ്യഘട്ടസ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ് പവന്‍സിങ്.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ, പവന്‍സിങ്ങിന്റെ ഗാനങ്ങളില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ അസന്‍സോള്‍ ലോക്സഭാ സ്ഥാനാര്‍ഥിയുടെ സൃഷ്ടികള്‍ കണ്ട് അപമാനത്താല്‍ തന്റെ തലതാഴ്ന്നുപോവുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഘ്വി എക്സില്‍ കുറിച്ചിരുന്നു. ജനാധിപത്യത്തിന്റെ അന്ത്യനാളുകള്‍ വളരെ അടുത്താണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. അഭിഷേക് സിംഘ്വിക്ക് പുറമേ, അസന്‍സോള്‍ മുന്‍ എം.പിയും തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിസഭയിലെ അംഗവുമായ ബാബുല്‍ സുപ്രിയോയും രംഗത്തെത്തിയിരുന്നു. ബംഗാളി സ്ത്രീകളെ ഗാനങ്ങളിലും ചിത്രങ്ങളിലും മോശമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു ബാബുല്‍ സുപ്രിയോയുടെ ആരോപണം.

Signature-ad

ബോളിവുഡ് താരമായ ശത്രുഘ്നന്‍ സിന്‍ഹയാണ് നിലവില്‍ അസന്‍സോള്‍ എം.പി. ബി.ജെ.പി. എം.പിയായിരുന്ന ബാബുല്‍ സുപ്രിയോ രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ്, തൃണമൂല്‍ ടിക്കറ്റില്‍ ശത്രുഘ്നന്‍ സിന്‍ഹ ഇവിടെ വിജയിക്കുന്നത്. സന്ദേശ്ഖലി ഉയര്‍ത്തി സംസ്ഥാനത്ത് മുന്നേറ്റം ആഗ്രഹിക്കുന്ന ബി.ജെ.പി, പവന്‍സിങ്ങിനെ സ്ഥാനാര്‍ഥിയാക്കുന്നത് സെല്‍ഫ് ഗോളായിരിക്കുമെന്ന വിലയിരുത്തലുണ്ടായിരുന്നു. 42 മണ്ഡങ്ങളുള്ള സംസ്ഥാനത്ത് 20 സീറ്റുകളിലേക്കാണ് ബി.ജെ.പി. ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

Back to top button
error: