
തിരുവനന്തപുരം: റോഡ് സൗകര്യമില്ലാത്ത മലയോരങ്ങളിലേക്ക് റോപ് വേ നിര്‍മിക്കാനൊരുങ്ങി കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് കേന്ദ്രം റോപ് വേ നിര്‍മിക്കുന്നത്. പര്‍വതമാലാ പരിയോജന പദ്ധതിയിലാണ് പുതിയ റോപ് വേ വരിക. ഇതിനായുള്ള സാധ്യതാ പഠനങ്ങള്‍ കേരളത്തിലും ആരംഭിച്ച് കഴിഞ്ഞു.
മണിക്കൂറില്‍ 15 മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗമാണ് റോപ് വേകള്‍ക്ക് ലഭിക്കുക. രാജ്യമാകെ 260 റോപ് വേ പദ്ധതികളാണ് റോഡ് ഉപരിതല മന്ത്രാലയത്തിന് കീഴില്‍ ഒരുങ്ങുന്നത്. കേരളത്തില്‍ മൂന്നാര്‍ – വട്ടവട റോപ് വേയാകും ആദ്യം ഒരുങ്ങുക. ഇതിന്റെ ഭാഗമായി പഠനം നടത്തിയ കമ്പനി റിപ്പോര്‍ട്ട് കൈമാറിക്കഴിഞ്ഞു.
മൂന്നാര്‍ – വട്ടവടയ്ക്ക് പുറമെ വയനാട്, ശബരിമല, പൊന്‍മുടി എന്നിവിടങ്ങളിലും പഠനം ആരംഭിച്ചിട്ടുണ്ട്. വയനാട്, ശബരിമല റോപ് വേകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. വനത്തിന്റെ വന്യത നഷ്ടപ്പെടാത്ത രീതിയിലാകും ശബരിമല റോപ് വേയുടെ രൂപരേഖ. പമ്പയില്‍ നിന്നും സന്നിധാനത്തേക്കാണ് ശബരിമലയില്‍ റോപ് ഒരുങ്ങുക.
പമ്പ ഹില്‍ ടോപ്പ് മുതല്‍ സന്നിധാനത്തേക്ക് 2.8 കിലോമീറ്റര്‍ ആകാശ ദൂരമാണുള്ളത്. മാളികപ്പുറം ക്ഷേത്രത്തിന് പിന്നിലാകും റോപ് വേ അവസാനിക്കുക. അഞ്ച് പില്ലറുകളും രണ്ട് സ്റ്റേഷനുകളുമോടെയാകും ഇവിടുത്തെ റോപ് വേ. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ശബരിമല മാസ്റ്റര്‍ പ്ലാനില്‍ റോപ് വേ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അത് വൈകുകയായിരുന്നു.
വയനാട് റോപ് വേ പദ്ധതിയും നേരത്തെ തന്നെ പരിഗണനയിലുള്ളതാണ്. ലക്കിടിയില്‍നിന്ന് അടിവാരംവരെയുള്ള റോപ് വേ 2025ല്‍ പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞവര്‍ഷം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. 150 കോടിരൂപയാണ് ചെലവ് കണക്കാക്കുന്ന പദ്ധതിയായിരുന്നു ഇത്. 3.7 കിലോമീറ്റര്‍ നീളത്തില്‍ റോപ് വേ നിര്‍മിക്കുമെന്നും. 40 കേബിള്‍കാറുകളാണുണ്ടാവുകയെന്നുമായിരുന്നു മന്ത്രി അന്ന് പറഞ്ഞത്.
പൊതു – സ്വകാര്യ പങ്കാളിത്തത്തോടെയാകും നിര്‍മാണം ഉപരിതല മന്ത്രാലയം റോപ് വേകള്‍ നിര്‍മിക്കുക. ദേശീയപാത ലോജിസ്റ്റിക് മാനേജ്മെന്റ് ലിമിറ്റഡാണ് റോപ്വേകള്‍ നിര്‍മിക്കുന്നത്. 40 ശതമാനം തുക കേന്ദ്രസര്‍ക്കാരും 60 ശതമാനം കരാറെടുത്ത കമ്പനിയും മുടക്കും. പദ്ധതിയിലെ ആദ്യ റോപ് വേ വാരാണാസിയിലാണ് ഒരുങ്ങുക. തമിഴ്‌നാട്ടില്‍ 12 കിലോമീറ്റര്‍ നീളത്തില്‍ പളനി – കൊടൈക്കനാല്‍ റോപ് വേയും സജ്ജമാകും.






