KeralaNEWS

അടൂര്‍ ലൈഫ്‌ലൈന്‍ ആശുപത്രി അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

പത്തനംതിട്ട: അടിവയറ്റില്‍ വേദനയും ഛര്‍ദിയുമായി വന്ന യുവതിക്ക് നടത്തിയ ശസ്ത്രക്രിയയില്‍ ചികിത്സ പിഴവുണ്ടായി എന്ന പരാതിയില്‍ അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രി അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ ഉത്തരവിട്ടു.

കലഞ്ഞൂര്‍ കളയില്‍വിളയില്‍ ഡെല്‍മ കുസുമന്‍ നല്‍കിയ ഹര്‍ജിയിലാണ് കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറയും അംഗം നിഷാദ് തങ്കപ്പനും ചേര്‍ന്ന് വിധി പ്രസ്താവിച്ചത്.

2016 ഡിസംബര്‍ 15 നാണ് ഡെല്‍മ അടിവയറ്റില്‍ വേദനയും ഛര്‍ദിയുമായി ലൈഫ് ലൈന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഗൈനെക്കോളജി ലാപ്പറോസ്‌കോപ്പി വിഭാഗം തലവന്‍ ഡോ. സിറിയക് പാപ്പച്ചന്‍ രോഗിയെ പരിശോധിച്ച ശേഷം ഗര്‍ഭപാത്രത്തിലും ഓവറിയിലും മുഴകളുണ്ടെന്നും ഉടനെ നീക്കം ചെയ്യണമെന്നും നിര്‍ദേശിച്ചു. 17 ന് ശസ്ത്രക്രിയ നടത്തി. 21 ന് രോഗി ആശുപത്രി വിട്ട് വീട്ടിലെത്തിയെങ്കിലും 15 ദിവസം കഴിഞ്ഞപ്പോള്‍ കലശലായ ബ്ലീഡിങും വേദനയും അനുഭവപ്പെട്ടു. അവസ്ഥ മോശമായതിനാല്‍ അന്നു തന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. രക്തം ഒരു പാട് നഷ്ടപ്പെട്ടതിനാല്‍ രക്തം കൊടുക്കുകയും ചെയ്തു.

Signature-ad

എന്നാല്‍, ഓരോ ദിവസവും നില വഷളായി വന്നു. ഇതിന്റെ കാരണം ചോദിച്ച ബന്ധുക്കള്‍ക്ക് വ്യക്തമായ മറുപടി കിട്ടിയില്ല. തുടര്‍ന്ന് രോഗിയുടെ ഭര്‍ത്താവും മകനും ചേര്‍ന്ന് നിര്‍ബന്ധിത ഡിസ്ചാര്‍ജ് വാങ്ങി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയില്‍ കുത്തിക്കെട്ടാന്‍ ഉപയോഗിച്ച നൂല്‍ നീക്കം ചെയ്യാതെ അകത്തു തന്നെ ഇരുന്നതാണ് വേദനയും ബ്ലിഡിങ്ങും ഉണ്ടാകാന്‍ കാരണമെന്ന് കണ്ടെത്തി. ഇത് മറ്റൊരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതോടെ രോഗി സുഖം പ്രാപിക്കുകയും ചെയ്തു.തുടർന്നാണ് ഇവർ  ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനെ സമീപിച്ചത്.

Back to top button
error: