തിരുവനന്തപുരം: സ്വന്തം കിടപ്പുമുറിയില്‍ ഒരു ഗ്ലാസ് വെള്ളം അടച്ചു വച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ”വലിയ സൗകര്യങ്ങളോടു താമസിക്കുന്നവരാണ് മന്ത്രിമാര്‍ എന്നാണല്ലോ സാധാരണ ജനങ്ങളൊക്കെ കണക്കാക്കുന്നത്. ആ മന്ത്രിമാര്‍ താമസിക്കുന്ന ചില വീടുകളുടെ അവസ്ഥ എന്താണ്? രാവിലെ ഇടേണ്ട ഷര്‍ട്ടൊക്കെ ഇസ്തിരിയിട്ടു വച്ചുവെന്ന് വിചാരിക്കുക. കുറച്ചു കഴിയുമ്പോള്‍ അതിന്റെ മേല്‍ വെള്ളം വീഴും. ഏതാ വെള്ളം? മരപ്പട്ടി മൂത്രമൊഴിച്ച വെള്ളം. മരപ്പട്ടി മൂത്രം വീഴുമെന്നതിനാല്‍ വെള്ളം അടച്ചു തന്നെ വച്ചിരിക്കുകയാണ്.
മതിയായ സൗകര്യങ്ങളുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ അതിനാവശ്യമായ പണം ചെലവഴിക്കുന്നത് ദുര്‍വ്യയമല്ല. എന്തിനും അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതാണ് കേരളത്തിന്റെ പ്രത്യേകത. വിവാദങ്ങള്‍ നടന്നോട്ടെ, ആവശ്യമായ കാര്യങ്ങള്‍ നടക്കുക എന്നതാണ് പ്രധാനം” -മുഖ്യമന്ത്രി പറഞ്ഞു.
കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കായുള്ള ഓഫിസേഴ്‌സ് എന്‍ക്ലേവിന്റെ ശിലാസ്ഥാപനം ആക്കുളത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ”പ്രശസ്തമായ ഗെസ്റ്റ് ഹൗസുകളുടെ അവസ്ഥ എന്താണ്? അതിനെ ദയാവധത്തിനു വിട്ടിരിക്കുകയാണ്. കെട്ടിടങ്ങള്‍ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്”-മുഖ്യമന്ത്രി പറഞ്ഞു.
അധ്യക്ഷനായ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വേദിയിലിരിക്കെയാണ് ഗെസ്റ്റ് ഹൗസുകളെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം. സബ് കലക്ടറായി നിയമിച്ച വേളയില്‍ താമസസൗകര്യത്തിന്റെ പേരില്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ചീഫ് സെക്രട്ടറി ഡോ.വി. വേണു പ്രസംഗത്തിനിടെ അക്കമിട്ടു നിരത്തി. റവന്യു സെക്രട്ടറി എ.ജയതിലക്, പ്ലാനിങ് സെക്രട്ടറി പുനീത് കുമാര്‍, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ (ബില്‍ഡിങ്‌സ്) എല്‍.ബീന എന്നിവര്‍ പ്രസംഗിച്ചു.