Social MediaTRENDING

സെക്കൻഡ് ഹാഫില്‍ കൊലവിളിച്ച്‌ കൊമ്ബന്മാർ; എന്താണ് ഇന്നലെ കൊച്ചിയിൽ നടന്നത്? 

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഇലക്‌ട്രിഫൈയിങ് അന്തരീക്ഷത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് സംഭവിച്ചതെന്താണെന്ന് തിരിച്ചറിയാനാകാതെ വണ്ടറടിച്ചിരിപ്പാണ് കടുത്ത ആരാധകർ പോലും.
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതി ആരംഭിച്ച ശേഷം കളിച്ച മൂന്നില്‍ മൂന്നിലും തോറ്റു തൊപ്പിയിട്ടാണ് ഇവാൻ്റെ മഞ്ഞപ്പട ഇന്നലെ കൊച്ചിയിലെ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ഗോവയെ നേരിടാനെത്തിയത്. കഴിഞ്ഞ മത്സരങ്ങളിലെ പരാജയഭാരം താരങ്ങളുടെ ശരീരഭാഷയില്‍ തന്നെ പ്രകടമായിരുന്നു.
ഹൈ പ്രസിങ്ങും ആക്രമണവും ഒത്തിണങ്ങിയ ഗോവൻ കേളീശൈലി കേരള ടീമിന്റെ ആത്മവിശ്വാസവും പ്രതിരോധക്കോട്ടയും ഒന്നിച്ചു തകർക്കുന്നതിനാണ് ആദ്യ പകുതി സാക്ഷ്യം വഹിച്ചത്. ഏഴാം മിനിറ്റില്‍ ലഭിച്ച കോർണറില്‍ നിന്ന് ബോക്സിന് തൊട്ടുവെളിയിലായി മാർക്ക് ചെയ്യപ്പെടാതെ നിന്ന റൗളിങ് ബോർജസിന്റെ ഷോട്ട് ചാട്ടുളി കണക്കെയാണ് ഫസ്റ്റ് പോസ്റ്റിലൂടെ വലയ്ക്കകത്തേക്ക് കയറുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ കീപ്പർ കരണ്‍ജിത് സിങ്ങിന് നില്‍ക്കാനേ സാധിക്കുമായിരുന്നുള്ളൂ.
കൃത്യം പത്ത് മിനിറ്റുകൾക്ക് ശേഷം (17ാം മിനിറ്റിൽ) ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പൂട്ടിനെ മറികടന്ന് മുന്നേറി ഗോവയുടെ നോഹ സദോയി നല്‍കിയ ക്വാളിറ്റി ക്രോസില്‍ കാല്‍വയ്ക്കേണ്ട ആവശ്യമേ യാസിറിന് ഉണ്ടായിരുന്നുള്ളൂ.
ഗോവ 2, ബ്ലാസ്‌റ്റേഴ്‌സ് 0. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്കോർ ഇങ്ങനെയായിരുന്നു.
രണ്ടാം പകുതിയില്‍ സീൻ മാറി.കമ്പക്കെട്ടിന് തീ കൊളുത്തിയത് ജപ്പാനീസ് താരം ഡായ്സുകെ സകായ് ആയിരുന്നു.ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റക്കോസ് അത് ഏറ്റുപിടിച്ചതോടെ  കൊച്ചിയിലെ പിള്ളേരുടെ വൈബിനൊത്ത് ബ്ലാസ്റ്റേഴ്സിന്റെ മച്ചാന്മാർ തകർത്താടുക തന്നെ ചെയ്തു.
ജാപ്പനീസ് മിഡ് ഫീല്‍ഡർ ഡായ്സുകെ സകായ് 51ാം മിനിറ്റിലെടുത്ത ഫ്രീകിക്കാണ് കളിയുടെ ഗതി തിരിച്ചതെന്ന് പറയാതിരിക്കാൻ വയ്യ. ലൂണയുടെ അഭാവത്തില്‍ ആ വിടവ് നികത്തേണ്ട സെറ്റ് പീസ് വിദഗ്ദ്ധനായ സകായ് ടൂർണമെന്റിലുടനീളം പരാജയമായിരുന്നു. എന്നാല്‍, ടീമില്‍ തന്റെ പ്രാമുഖ്യം എത്ര മാത്രമുണ്ടെന്ന് വിളിച്ചറിയിക്കുന്നൊരു കിടിലൻ ഷോട്ടാണ് താരം ഇന്നലെ ഗോവൻ ഗോള്‍പോസ്റ്റിലേക്ക് വെടിയുണ്ട പോലെ അടിച്ചു കയറ്റിയത്.
കൊച്ചിയുടെ സ്ഫോടനാത്മകമായ അന്തരീക്ഷവും ആദ്യ ഗോളിന്റെ ആവേശവും കളി കേരളത്തിന്റെ വരുതിയിലാക്കിയെന്ന് നിസ്സംശയം പറയാം. ടൂർണമെന്റില്‍ താളം കണ്ടെത്താതെ പോയ ലിത്വാനിയൻ സ്ട്രൈക്കർ ഫെഡോർ സെർണിച്ച്‌ ഗ്രീക്ക് യോദ്ധാവായ ദിമിക്കൊപ്പം ഇരച്ചുകയറിയതോടെ ഗോവയുടെ ഹാഫിലേക്ക് കളി ചുരുങ്ങുന്നതാണ് പിന്നീട് കണ്ടത്.
 81ാം മിനിറ്റില്‍ ഹാൻഡ് ബോളിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കിയ ദിമിത്രിയോസ് മൂന്ന് മിനിറ്റിനകം വിജയഗോള്‍ കൂടി നേടി ഗോവയ്ക്കുള്ള മടക്ക ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.88ാം മിനിറ്റില്‍ ദിമി നല്‍കിയ പാസ് സ്വീകരിച്ച്‌ വലത് വിങ്ങിലേക്ക് പന്തുമായി കുതിച്ച ലിത്വാനിയൻ ക്യാപ്റ്റൻ,ഫെഡോർ സെർണിച്ചിന്റെ ബൂട്ടില്‍ നിന്ന് പിറന്ന മനോഹര ഗോൾ ഗോവയുടെ ശവപ്പെട്ടിയിലേക്കുള്ള അവസാന ആണിയുമായിരുന്നു.ദിമിയുടെ പാസ് സ്വീകരിച്ച് ഒരു നിമിഷം പോലും പാഴാക്കാതെ സ്റ്റേഡിയത്തെ ആവേശക്കടലാക്കി മഞ്ഞപ്പടയുടെ നാലാം ഗോൾ ഫെഡോർ സെർണിച്ച് കണ്ടെത്തിയത് വെറും പതിനഞ്ച് ഡിഗ്രി ആംഗിളിൽ നിന്നായിരുന്നു.ടൂർണമെന്റിലെ ഏറ്റവും മനോഹരമായ ഗോൾ! (4-2)
 കേരള ബ്ലാസ്റ്റേഴ്സിന്റെ സമീപകാലത്തെ പ്രകടനങ്ങളില്‍ വച്ച്‌ തിരിച്ചുവരവ് കൊണ്ടും പോരാട്ടവീര്യം കൊണ്ടും ഏറ്റവും ഓർത്തിരിക്കുന്നൊരു പ്രകടനമാണ് ഞായറാഴ്ച കൊച്ചി ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ കണ്ടത്.രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം അവസാന 37 മിനിറ്റിൽ നാലു ഗോളുകൾ മടക്കി കലൂരിലെ ഗ്രൗണ്ടിൽ കൊലവിളി തന്നെയാണ് കേരളത്തിന്റെ കൊമ്പൻമാർ നടത്തിയത്.
കഴിഞ്ഞ മത്സരങ്ങളിലെ തുടരൻ തോല്‍വികളുടെ പാപഭാരമെല്ലാം ഒരൊറ്റ മത്സരം കൊണ്ട് മായ്ച്ചുകളയുന്ന ഇവാൻ വുകോമനോവിച് മാജിക്കിനാണ് കലൂർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എന്നാലും ആദ്യ പകുതിയില്‍ രണ്ടു ഗോളിന് പിന്നിട്ട നിന്ന ശേഷം ഡ്രസ്സിങ് റൂമിലെത്തിയ കളിക്കാർക്ക് ഇവാൻ നല്‍കിയ ആ മോട്ടിവേഷൻ വാക്കുകള്‍ എന്തായിരിക്കും?
ആദ്യപകുതിയിലായിരുന്നു ഗോവയുടെ ഇരട്ട ഗോളുകളെങ്കില്‍ രണ്ടാംപകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ നാല് മറുപടി ഗോളുകൾ. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനം ഉറപ്പിച്ചു. 16 കളിയില്‍ ബ്ലാസ്റ്റേഴ്സിന് 29 ഉം, തൊട്ടുപിന്നിലുള്ള ഗോവയ്ക്ക് 15 മത്സരങ്ങളില്‍ 28 ഉം പോയിന്റാണുള്ളത്.

തങ്ങളെ എഴുതി തള്ളാനാവില്ലെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചാണ് വുകുമാനോവിച്ചും സംഘവും ഇന്നലെ കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയം വിട്ടത്.തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കു ശേഷമാണ് ത്രില്ലര്‍ ജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ ശക്തമായ മടങ്ങിവരവ്.ഇത് പരിക്കേറ്റവരുടെ വെറുമൊരു പടയല്ലെന്നും, ഏത് എതിരാളികളേയും കൊന്നുകൊലവിളിക്കാൻ ശേഷിയുള്ള കൊലകൊമ്ബന്മാരുടെ കൂട്ടമാണെന്നും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കും ആശ്വസിക്കാം.

Back to top button
error: