കൊച്ചി: ഹാട്രിക് തകർച്ചയുടെ നാണംകേടിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ വെമ്പുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്നു രാത്രി എതിരിടുന്നത് തുടരെ 2 മത്സരങ്ങളിൽ തോറ്റ എഫ്സി ഗോവയെ.
സീസണിൽ ആദ്യ ഘട്ടത്തിൽ ഗംഭീര കളി കെട്ടഴിച്ച ശേഷം തകർച്ച നേരിട്ട രണ്ടു ടീമുകളുടെ നേർക്കുനേർ പോരാട്ടമാണ് ഇന്ന് കൊച്ചിയിൽ നടക്കുന്നത്.
കണക്കിൽ കഥയില്ലെങ്കിലും കാര്യമുണ്ട്. പോയിന്റ് ടേബിളിൽ 4–ാം പടിയിലാണു ഗോവ. 14 കളിയിൽ 28 പോയിന്റ്. ഡിസംബർ അവസാനം പട്ടികയിൽ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ബ്ലാസ്റ്റേഴ്സാകട്ടെ വീണുകിടക്കുന്നത് 5–ാം സ്ഥാനത്ത്. 15 കളി, 26 പോയിന്റ്. പ്ലേ ഓഫ് ഉറപ്പാക്കണമെങ്കിൽ ആദ്യ 6 സ്ഥാനക്കാരിൽ ഉൾപ്പെടണം.
കൊച്ചി ജവാഹർലാൽ നെഹ്രു സർവകലാശാലയിൽ പോരാട്ടം രാത്രി 7.30നാണ്.ഇനി ‘റിസ്ക്’ എടുക്കാനാവില്ല, ബ്ലാസ്റ്റേഴ്സിന്. പ്രത്യേകിച്ചും, ഹോം മത്സരങ്ങളിൽ. ഗാലറികളിൽ നിറയുന്ന ആരാധക സൈന്യം പകരുന്ന ആവേശത്തിരയിൽ ജയിച്ചു തന്നെ കയറണം.
മത്സരം സ്പോർട്സ് 18 ചാനൽ, ജിയോ സിനിമ ആപ്പ് എന്നിവയിൽ തത്സമയം കാണാം.