KeralaNEWS

മണര്‍കാട് കത്തീഡ്രലില്‍ സൂനോറോ പെരുന്നാളും പെരുമ്പള്ളി തിരുമേനി അനുസ്മരണവും 25ന്

കോട്ടയം: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ സൂനോറോ പെരുന്നാളും പെരുമ്പള്ളി തിരുമേനി അനുസ്മരണവും 25ന് നടത്തും. 1982ല്‍ കാലം ചെയ്ത പരിശുദ്ധ ഇഗ്‌നാത്തിയോസ് സാഖാ ഐവാസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ പരിശുദ്ധ ദൈവമാതാവിന്റെ ഇടക്കെട്ട് കത്തീഡ്രലില്‍ സ്ഥാപിച്ചതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് 25ന് സൂനോറൊ പെരുന്നാള്‍ ആചരിക്കുന്നത്. സൂനോറൊ സ്ഥാപിച്ച ദിവസം എല്ലാ വര്‍ഷവും പെരുന്നാളായി ആചരിക്കണമെന്ന് അന്നത്തെ കോട്ടയം ഭദ്രാസനാധിപനായായിരുന്ന ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് (പെരുമ്പള്ളി തിരുമേനി) കല്പനയില്‍ കൂടി അറിയിച്ചതിന്‍പ്രകാരം എല്ലാ വര്‍ഷവും ആചരിച്ചുവരുന്നു.

പെരുന്നാള്‍ ദിവസമായ 25ന് കത്തീഡ്രലില്‍ രാവിലെ ഏഴിന് പ്രഭാത പ്രാര്‍ഥന, എട്ടിന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന- സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്താ കറിയാക്കോസ് മോര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍. തുടര്‍ന്ന് പ്രദിക്ഷിണവും ആശിര്‍വാദവും നേര്‍ച്ച വിളമ്പും. നേര്‍ച്ചവിളമ്പിനാവശ്യമായ നെയ്യപ്പം ഭവനങ്ങളില്‍നിന്നും എത്തിക്കുന്നതു കൂടാതെ കത്തീഡ്രലിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന മര്‍ത്തമറിയം വനിതാസമാജ അംഗങ്ങള്‍ തയ്യാറാക്കും.

വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം പെരുമ്പള്ളി ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ 25-ാമത് ദുഃഖറോനോ പെരുന്നാളിനോട് അനുബന്ധിച്ചുള്ള പെരുമ്പള്ളി തിരുമേനി അനുസ്മരണ സമ്മേളനം നടക്കും. കോട്ടയം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. തോമസ് മോര്‍ തീമോത്തിയോസ് അധ്യക്ഷത വഹിക്കും. കുറിയാക്കോസ് മോര്‍ ദീയസ്‌ക്കോറോസ് അനുസ്മരണ പ്രഭാഷണവും ഡോ. ഗീവര്‍ഗീസ് മോര്‍ കൂറീലോസ് ‘അമ്മ അറിവ്’- മേരി വിജ്ഞാനീയ സംസ്‌കാര പഠനകേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും കുര്യന്‍ കെ. തോമസ് കരിമ്പനത്തറയില്‍ പഠനകേന്ദ്രത്തിന്റെ പരിചയപ്പെടുത്തലും നിര്‍വഹിക്കും. ഡോ. റോസി തമ്പി, ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പാ, ഫാ. കുറിയാക്കോസ് കാലായില്‍ എന്നിവര്‍ പ്രസംഗിക്കും. അനുസ്മരണ സമ്മേളനത്തെത്തുടര്‍ന്ന് ശ്രാദ്ധസദ്യയും ക്രമീകരിച്ചിട്ടുണ്ട്.

വികാരി ഇ.ടി. കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പാ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പാ, ട്രസ്റ്റിമാരായ പി.എ. ഏബ്രഹാം പഴയിടത്തുവയലില്‍, വര്‍ഗീസ് ഐപ്പ് മുതലുപടി, ഡോ. ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ് ചിരവത്തറ, സെക്രട്ടറി ജേക്കബ് വി.ജെ വാഴത്തറ എന്നിവര്‍ പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

 

Back to top button
error: