തിരുവനന്തപുരം: കേരള പദയാത്രയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപി സമൂഹമാധ്യമ സെല്ലും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും തമ്മിലുള്ള പോര് മുറുകുന്നു. ബിജെപിയുടെ സമൂഹമാധ്യമ സെല്‍ ചെയര്‍മാന്‍ എസ്.ജയശങ്കറിനെ മാറ്റണമെന്നു കേന്ദ്ര നേതൃത്വത്തോട് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേരള പദയാത്രയുടെ പ്രചാരണ ഗാനത്തില്‍ ‘അഴിമതിക്കു പേരുകേട്ട കേന്ദ്രഭരണം’ എന്ന വരികൂടി ഉള്‍പ്പെട്ടതു നാണക്കേടായ സാഹചര്യത്തിലാണു നീക്കം.
അതേസമയം, വിഷയത്തില്‍ നടപടി വേണ്ടെന്നും ഗാനത്തിലെ വരികള്‍ തെറ്റായി ഉപയോഗിച്ചത് അബദ്ധമായി കണ്ടാല്‍ മതിയെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്‍ എംപി പറഞ്ഞു. ഇതോടെ കുറച്ചുകാലമായി ചാരംമൂടിക്കിടന്നിരുന്ന വിഭാഗീയത വീണ്ടും നീറിപ്പുകഞ്ഞു തുടങ്ങി.
പ്രചാരണഗാനം വൈറലായതോടെ സമൂഹമാധ്യമ സെല്‍ കണ്‍വീനറോടു സംസ്ഥാന പ്രസിഡന്റ് വിശദീകരണം തേടിയിരുന്നു. മുന്‍പു തിരഞ്ഞെടുപ്പിനായി തയാറാക്കിയ ഗാനത്തിലെ വരികള്‍ അബദ്ധത്തില്‍ പുതിയ പ്രചാരണ ഗാനത്തില്‍ ഉള്‍പ്പെട്ടെന്നാണു ലഭിച്ച വിശദീകരണം. നേതാക്കളില്‍ ഒരു വിഭാഗം ഇതിനോട് യോജിക്കുന്നില്ല. ബിജെപി നേതൃത്വത്തിലെ പടലപിണക്കങ്ങളുടെ ഭാഗമായാണ് പഴയഗാനത്തിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതും മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുമെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു.
സമൂഹമാധ്യമ മേധാവിയും സംസ്ഥാന നേതൃത്വവും തമ്മില്‍ ആശയഭിന്നതകളുണ്ട്. പദയാത്ര തല്‍സമയം കാണിക്കുന്ന ബിജെപി കേരളം യുട്യൂബ് ചാനലിലൂടെയാണു ഗാനം പുറത്തുവന്നത്. വിവാദമായതോടെ ഗാനം ഒഴിവാക്കി. പദയാത്രയുടെ ഭാഗമായി 20ന് കോഴിക്കോട് മണ്ഡലത്തില്‍ നടന്ന പരിപാടിയുടെ നോട്ടീസിലെ പരാമര്‍ശവും വിവാദമായിരുന്നു. എസ്സി, എസ്ടി നേതാക്കള്‍ക്കൊപ്പം സുരേന്ദ്രന്‍ ഉച്ചഭക്ഷണം കഴിക്കും എന്നായിരുന്നു നോട്ടീസില്‍ ഉണ്ടായിരുന്നത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു.