KeralaNEWS

അച്ഛന്‍ മരിച്ചത് അള്‍സര്‍ മൂര്‍ച്ഛിച്ച്, കൊന്നത് യുഡിഎഫ്; ഷാജിക്ക് മറുപടിയുമായി കുഞ്ഞനന്തന്റെ മകള്‍

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ 13-ാം പ്രതിയായ പി.കെ.കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകള്‍. ഷാജിയുടെ ആരോപണം തിരഞ്ഞെടുപ്പ് തന്ത്രമാണെന്നു കുഞ്ഞനന്തന്റെ മകള്‍ ഷബ്ന മനോഹരന്‍ പറഞ്ഞു. കുഞ്ഞനന്തനെ കൊന്നതു യുഡിഎഫ് ഭരണാധികാരികളാണെന്നും ഷബ്‌ന ആരോപിച്ചു.

”കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയില്ല. അള്‍സര്‍ മൂര്‍ച്ഛിച്ചാണു അച്ഛന്‍ മരിച്ചത്. അദ്ദേഹത്തിനു മനപ്പൂര്‍വം ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. അതിനാലാണ് അള്‍സര്‍ ഗുരുതരമായതും. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോഴേക്കും രോഗം പാരമ്യത്തിലെത്തി. അച്ഛനെ യുഡിഎഫ് കൊന്നതാണെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു” ഷബ്‌ന പറഞ്ഞു.

Signature-ad

ടിപി കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി മരിച്ചതു ഭക്ഷ്യവിഷബാധയേറ്റാണെന്ന് ഷാജി ആരോപിച്ചിരുന്നു. ”കണ്ണൂരില്‍ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും, കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോഴാണ് കൊന്നവരെ കൊല്ലുന്നത്. ഫസല്‍ വധക്കേസിലെ 3 പേരും കൊല്ലപ്പെട്ടു. കുറച്ചാളുകളെ കൊല്ലാന്‍ വിടും. അവര്‍ കൊലപാതകം നടത്തി തിരികെ വരും. അവരില്‍നിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും” ഷാജി പറഞ്ഞു.

‘കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്’; കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ഷാജി

കുഞ്ഞനന്തന്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂണിലാണു മരിച്ചത്. അസുഖത്തെത്തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ജയിലിലായിരിക്കുമ്പോഴും ഏരിയാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ കുഞ്ഞനന്തനു പങ്കില്ലെന്ന നിലപാടാണു സിപിഎം നേതൃത്വം സ്വീകരിച്ചത്.

Back to top button
error: