KeralaNEWS

വിദ്യാർഥി സമരം ഫലം കണ്ടു, കോളജിൽ അഡ്മിനിസ്ട്രേറ്റർ ഭരണം; കോളജ് കെട്ടിടത്തിന്  മുകളിൽക്കയറിയുള്ള പ്രതിഷേധം പുലർച്ചെ  അവസാനിപ്പിച്ചു

     മാർക്ക് ദാനത്തിനെതിരെ സമരം ചെയ്തവരെ സസ്പെൻഡ് ചെയ്യുകയും റാഗിങ്ങിന് കേസെടുക്കുകയും ചെയ്തതിനെതിരെ കോളജ് കെട്ടിടത്തിന്റെ മൂന്നാംനിലയിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി വിദ്യാർഥികൾ നടത്തിയ സമരം   അവസാനിപ്പിച്ചു.

തൊടുപുഴ കോഓപ്പറേറ്റീവ് സ്കൂൾ ഓഫ് ലോയിലെ മുപ്പതോളം വിദ്യാർഥികളാണ് പ്രതിഷേധിച്ചത്. സബ് കലക്ടർ അരുൺ എസ്.നായരുമായുള്ള ചർച്ചയിൽ കോളജിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്താമെന്ന്  ഉറപ്പു ലഭിച്ചതോടെയാണു ബുധനാഴ്ച പുലർച്ചെ ഒന്നിന് പ്രതിഷേധം അവസാനിപ്പിച്ചത്.
കോളജ് ഭരണസമിതി പിരിച്ചുവിടാനും സഹകരണവകുപ്പിലെ ഉദ്യോഗസ്ഥനെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ഒത്തു തീർപ്പ് വ്യവസ്ഥകൾ ലംഘിച്ചാൽ സമരം വീണ്ടും തുടങ്ങുമെന്ന് വിദ്യാർഥികൾ പറഞ്ഞു.

Signature-ad

എൽഎൽബി ഒന്നാം സെമസ്റ്റർ പരീക്ഷയിൽ അധ്യാപകർ ഒരു കുട്ടിക്ക് വഴിവിട്ട് ഇന്റേണൽ മാർക്ക് നൽകിയതിനെതിരെ സമരം ചെയ്ത 7 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു. റാഗിങ് നടത്തി എന്നാരോപിച്ച് കേസുമെടുത്തു. ഇതിനെതിരെയാണ് ഇന്നലെ (ചൊവ്വ) വൈകിട്ട്  പെൺകുട്ടികളടക്കം മുപ്പതോളം വിദ്യാർഥികൾ കെട്ടിടത്തിനു മുകളിൽ കയറി പ്രതിഷേധിച്ചത്.

ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെയും തഹസിൽദാർ എ.എസ്.ബിജിമോളുടെയും നേതൃത്വത്തിൽ വിദ്യാർഥികളുമായും  പ്രിൻസിപ്പൽ അനീഷ ഷംസുമായും ചർച്ച നടത്തി. സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചു എങ്കിലും പ്രിൻസിപ്പൽ രാജിവയ്ക്കാതെ കെട്ടിടത്തിനു മുകളിൽനിന്ന് ഇറങ്ങില്ല എന്നായിരുന്നു തുടക്കത്തിൽ വിദ്യാർഥികൾ പറഞ്ഞത്. മന്ത്രിയോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ടവരോ എത്താതെ താഴെ ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു വിദ്യാര്‍ഥികള്‍. പ്രതിഷേധത്തെ തുടർന്ന് സസ്‌പെൻഷൻ പിൻവലിച്ചിരുന്നു. എന്നാൽ പ്രിൻസിപ്പൽ രാജി വെയ്ക്കാതെ കെട്ടിടത്തിന് മുകളിൽ നിന്ന് ഇറങ്ങില്ലെന്ന് പറഞ്ഞ് വിദ്യാർഥികൾ വീണ്ടും സമരം തുടർന്നു.

മന്ത്രി ആർ.ബിന്ദു ഫോണിൽ സംസാരിച്ചെങ്കിലും വിദ്യാർഥികൾ വഴങ്ങിയില്ല. സമരത്തിനിടെ കുഴഞ്ഞുവീണ, വിദ്യാർഥിനികളായ എം.മേഘ, ടി.എസ്.കാർത്തിക എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Back to top button
error: