കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കോഴിക്കോട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ 12 പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളിയതു സിപിഎമ്മിനു കനത്ത തിരിച്ചടിയായി. കേസ് നടത്തിപ്പിനു പ്രതികള്‍ക്കു സര്‍വസഹായവും നല്‍കുകയും കൊലപാതകത്തില്‍ പങ്കില്ലെന്ന് ആണയിടുകയും ചെയ്ത സിപിഎം ഇരട്ടത്താപ്പിനു വീണ്ടുമേറ്റ പ്രഹരമാണു വിധി. 12 പ്രതികളും കുറ്റക്കാരാണെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവച്ചെന്നു മാത്രമല്ല, 10 ാം പ്രതിയായിരുന്ന കെ.കെ. കൃഷ്ണന്‍, 12 ാം പ്രതിയായിരുന്ന ജ്യോതി ബാബു എന്നിവരെ വിട്ടയച്ചതു റദ്ദാക്കുകയും ചെയ്തു. സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റിയംഗമായിരുന്നു കെ.കെ.കൃഷ്ണന്‍. കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു ജ്യോതിബാബു.
പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.മോഹനനെ വിചാരണക്കോടതി വെറുതേ വിട്ടതു ശരിവച്ചതു മാത്രമാണ് സിപിഎമ്മിന് ആശ്വാസം പകരുന്ന ഭാഗം. രാഷ്ട്രീയ കാരണങ്ങളാലാണു ചന്ദ്രശേഖരന്‍ കൊല ചെയ്യപ്പെട്ടതെന്നും കൊലയാളിസംഘം രാഷ്ട്രീയ ശത്രുക്കളുടെ ഉപകരണങ്ങളായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും വിലയിരുത്തിയ വിചാരണക്കോടതിയുടെ വിധി അംഗീകരിച്ചതോടെ സിപിഎം വര്‍ഷങ്ങളായി പ്രചരിപ്പിച്ച വാദത്തിന്റെ മുനയാണ് ഒടിയുന്നത്.
ഇന്നലെ ഹൈക്കോടതിവിധിക്കുശേഷവും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കോടതിവിധി പാര്‍ട്ടിക്ക് അനുകൂലമാണെന്നാണു പ്രതികരിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ പ്രതികരിക്കാന്‍ തയാറായില്ല. വിധി പകര്‍പ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു മറുപടി.