വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനന്തവാടി പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷിന്റെയും പാക്കത്തെ പോളിന്റെയും വീടന് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാവിലെ 9.30-ഓടെ അജീഷിന്റയും 10.15-ഓടെ പോളിന്റെയും വീടുകളില്‍ ഗവര്‍ണര്‍ എത്തുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു.
നേരത്തേ വരണമെന്നു വിചാരിച്ചതാണ് പക്ഷേ സ്ഥലത്തില്ലായിരുന്നുവെന്ന് അജീഷിന്റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു. ഇന്നലെ വരണമെന്നു വിചാരിച്ചെങ്കിലും ഭരണകൂടം അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീടിനു പുറത്തിറങ്ങിയ അദ്ദേഹം നാട്ടുകാര്‍ പറഞ്ഞതു മുഴുവന്‍ കേള്‍ക്കുകയും നല്കിയ നിവേദനം വാങ്ങുകയും ചെയ്തു. എന്താണോ സാധ്യമായത് അതു ചെയ്യുമെന്ന ഉറപ്പു നല്‍കിയാണ് അദ്ദേഹം പോളിന്റെ വീട്ടിലേക്കു പോയത്.
മാനന്തവാടി ബിഷപ്സ് ഹൗസില്‍ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വൈകിട്ടോടെ വിമാന മാര്‍ഗം തിരികെ തിരുവനന്തപുരത്തേക്കു മടങ്ങും. ഇന്നലെ രാത്രിയോടെയാണ് ഗവര്‍ണര്‍ വയനാട്ടിലെത്തിയത്. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ആദിവാസി ബാലന് ശരത്തിനെയും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.