കേരളത്തില്‍ സ്ഥലപരിമിതി കാരണം വൻകിട ആട് ഫാം നടത്തുന്നവർ കുറവാണ്. എന്നാല്‍ തമിഴ്നാട്ടില്‍ കുറഞ്ഞവിലയ്ക്ക് ആവശ്യത്തിന് സ്ഥലം ലഭിക്കുന്നു. ഇത് ഫാം നടത്തിപ്പ് സുഖകരമാക്കുന്നു.
200 പശുക്കളെ വരെ വളർത്തുന്നതിന് നാലു കോടി ലഭിക്കുന്ന കേന്ദ്ര സർക്കാരിന്റെ രാഷ്ടീയ ഗോകുല്‍ മിഷൻ പദ്ധതിയുടെ മറവില്‍ കേരളത്തിലെ പശുക്കളെ തമിഴ്നാട്ടിലേക്ക് കടത്തി വൻകിട ലോബി ലാഭം കൊയ്തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ആടുകളെയും അതിർത്തി കടത്തുന്നത്.
ഡിമാൻഡ് കൂടിയതോടെ ആവശ്യത്തിന് ആടുകളെ തമിഴ്നാട്ടില്‍ കിട്ടാതെ വന്നു. ഇതോടെ സഹായ ധനം കൈക്കലാക്കാൻ ആടുകളെ തേടി തമിഴ്നാട്ടിലെ ഇടനിലക്കാർ കേരളത്തിലെത്തുകയാണ്. ഉപജീവനത്തിനായി ആടുകളെ വളർത്തുന്ന വീട്ടമ്മമാരെ തേടിയാണ് ഇടനിലക്കാർ പ്രധാനമായും എത്തുന്നത്. മാർക്കറ്റിനെക്കുറിച്ച് വലിയ അറിവില്ലാത്ത ഇവരാണ് ഇടനിലക്കാരുടെ കെണിയില്‍ വീഴുന്നവരില്‍ ഏറെയും.
അതേസമയം കേരളത്തിൽ ആട്ടിറച്ചിക്ക് വില കൂട്ടിയിട്ടുമുണ്ട്.കിലോയ്ക്ക് 750ല്‍നിന്ന് 800-900വരെ ആയാണ് വില ഉയർന്നിട്ടുള്ളത്.