പറന്ന്, പറന്ന് പരിഷ്‌കൃതരാകാം, വിജയം കയ്യെത്തി പിടിക്കാം: വീഡിയോ കാണാം
ഹൃദയത്തിനൊരു ഹിമകണം- 23
പ്രാവിന്റെ കൂട്ടിൽ നിന്ന് നമ്മളൊരു മുട്ട മോഷ്ടിച്ചാൽ, പ്രാവ് നമ്മളുമായി യുദ്ധത്തിനൊന്നും വരില്ല. അത് നമ്മളെ ഒന്ന് നോക്കും. പിന്നെ ഒറ്റ പറക്കലാണ്. ആ കൂടിനെ ഉപേക്ഷിച്ച്, ആ മരത്തെ വിട്ട്, ആ ദേശത്തെ തന്നെ മറന്ന് ദൂരെ എവിടേക്കെങ്കിലും പോകും.
ചെറു കലഹങ്ങൾക്കൊന്നും സമയമില്ല. ജീവിതം നീണ്ട ഒരു യാത്രയാണെന്ന് അതിനറിയാം.
ആർക്ടിക് റ്റേൺ എന്നൊരു ചെറു പക്ഷിയുണ്ട്. ജീവിതം ചെറിയ യാത്രയൊന്നുമല്ല; 20,000 കിലോമീറ്ററാണ് ഒരു വർഷം പറക്കുക. അതുകൊണ്ടെന്താ? രണ്ട് വേനലുകൾ കാണാൻ പറ്റും. കൂടുതൽ പകലുകൾ; കൂടുതൽ സൂര്യവെളിച്ചം!
ഒരു സ്ഥലത്തും കുറ്റിയടിക്കരുത്. പറന്നു കൊണ്ടേയിരിക്കണം. ആഫ്രിക്കയിൽ നിന്നും ആദിമമനുഷ്യർ മറ്റിടങ്ങളിലേയ്ക്ക് പോയില്ലായിരുന്നെങ്കിൽ ലോകം ‘ഇരുണ്ട ഭൂഖണ്ഡത്തിൽ’ ഒതുങ്ങിയേനെ. വെള്ളവും വിറകും അന്വേഷിച്ച്, നമ്മുടെ പൂർവികർ അലഞ്ഞു നടന്നില്ലായിരുന്നെങ്കിൽ പരിഷ്‌കൃത ലോകം അസാധ്യമായേനെ. ജോലിയും കൂലിയും അന്വേഷിച്ച് മലയാളികൾ മലയായിലേയ്ക്കും സിലോണിലേയ്ക്കും ഗൾഫിലേയ്ക്കും പോയില്ലായിരുന്നെങ്കിൽ ഇന്നത്തെ കേരളം ഉണ്ടാകുമായിരുന്നോ?
മാനസികമായും സഞ്ചാരങ്ങളുണ്ട്. ഭാവി ഭാവനയിൽ കാണാൻ കഴിവില്ലായിരുന്നേൽ മലയാളികൾ ഇത്രമേൽ പ്രബുദ്ധരാകുമായിരുന്നോ?
പറക്കുക; പറന്നു കൊണ്ടേയിരിക്കുക. പറന്ന്, പറന്ന്, പറന്ന് നമ്മൾ കൂടുതൽ പരിഷ്‌കൃതരാകുന്നു.
അവതാരക: ആൽഫി ഷെൽജൻ
സമ്പാദകൻ: സുനിൽ കെ ചെറിയാൻ