വാര്‍ദ്ധക്യം എന്ന രണ്ടാം ബാല്യം, മാതാപിതാക്കൾ കുട്ടിക്കാലത്ത് നമുക്ക് നൽകിയ സ്നേഹ വാത്സല്യങ്ങൾ ഇപ്പോൾ തിരിച്ചു നൽകാം
വെളിച്ചം
വൃദ്ധനായ അച്ഛനും യുവാവായ മകനും വീടിന്റെ വരാന്തയില്‍ ഇരിക്കുകയാണ്. അപ്പോഴാണ് കുറച്ചകലെയുള്ള ഊഞ്ഞാലില്‍ ഒരു കാക്ക വന്നിരുന്നത്. അച്ഛന്‍ മകനോട് ‘അതെന്താണ്’ എന്ന് ചോദിച്ചു. മകന്‍ പറഞ്ഞു:
“അതൊരു കാക്കയാണച്ഛാ…”
കുറച്ച് കഴിഞ്ഞപ്പോള്‍ അച്ഛന്‍ ചോദ്യം ആവര്‍ത്തിച്ചു. മകന്‍ വീണ്ടും പറഞ്ഞു:
“അച്ഛാ, അതൊരു കാക്കയാണ്.”
കുറച്ച് കഴിഞ്ഞപ്പോള്‍ അച്ഛന്‍ പഴയ ചോദ്യം ആവർത്തിച്ചു. ഇത്തവണ അവന് ചെറുതായി ദേഷ്യം വന്നു. എങ്കിലും അവന്‍ പറഞ്ഞു:
“അതൊരു കാക്കയാണെന്ന് ഞാന്‍ പറഞ്ഞുവല്ലോ…”
സമയം കടന്നുപോയി. അച്ഛന്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു: ഇത്തവണ മകന്റെ നിയന്ത്രണം നഷ്ടമായി. അവൻ ദേഷ്യപ്പെട്ടു.
അച്ഛന്‍ ഒന്നും മിണ്ടാതെ സ്വന്തം റൂമിലേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ മകന്‍ അച്ഛന്റെ റൂമിലേക്ക് ചെന്നു. അവിടെ അദ്ദേഹം ഒരു വലിയ ഡയറി നെഞ്ചില്‍ വെച്ച് കിടന്ന് ഉറങ്ങുന്നു.
തുറന്നുവെച്ച ആ ഡയറിയിലെ പേജ് മകന്‍ വായിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:
”ഇന്ന് പൂന്തോട്ടത്തില്‍ പുതുതായി ഒരു ഊഞ്ഞാല്‍ കെട്ടി. അതില്‍ ഒരു കാക്ക വന്നിരുന്നപ്പോള്‍ എന്റെ മോന്‍ അതെന്താണെന്ന് കൊഞ്ചികൊണ്ട് ചോദിച്ചു. അതൊരു കാക്കയാണെന്ന് ഞാന്‍ പറഞ്ഞെങ്കിലും അവന്റെ സംശയം തീര്‍ന്നതേയില്ല. ഏകദേശം ഇരുപത്തിയഞ്ചോളം തവണ അവന്‍ ചോദ്യം ആവര്‍ത്തിച്ചു. പക്ഷേ, ഓരോ തവണ അവന്റെ ചോദ്യം കേള്‍ക്കുമ്പോഴും ഞാന്‍ കൂടുതല്‍ സന്തോഷിച്ചു, അവന്റെ കൊഞ്ചിയുള്ള ചോദ്യം എന്നെ ഏറെ സന്തോഷവാനാക്കി.”
മകനോടൊപ്പമുള്ള അവിസ്മരണീയമായ പല സംഭവങ്ങളും ആഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.
അവന്‍ അച്ഛന്റെ അരികിലിരുന്നു. സങ്കടം കൊണ്ട് അവന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
കുഞ്ഞായിരുന്നപ്പോള്‍ നമ്മെ ലാളിക്കുകയും സ്‌നേഹിക്കുകയും പരിചരിക്കുകയും വളര്‍ച്ചയ്ക്ക് താങ്ങാവുകയും ചെയ്തവരാണ് നമ്മുടെ മാതാപിതാക്കൾ. വാര്‍ദ്ധക്യം രണ്ടാമത്തെ കുട്ടിക്കാലമാണ്. ആ കാലത്ത്, നമുക്ക് അവര്‍ നൽകിയ സ്‌നേഹത്തിന്റെയും കരുതലിന്റെയും പാതിയെങ്കിലും തിരിച്ചുകൊടുക്കാന്‍ ശ്രമിക്കാം.
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ