IndiaNEWS

പടക്ക നിര്‍മാണശാലയിലെ സ്‌ഫോടനത്തിൽ 10 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, തമിഴ്‌നാട്ടിലെ വിരുദുനഗര്‍ വെമ്പക്കോട്ടിലാണ് സംഭവം

    തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ പത്ത് മരണം. 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെമ്പക്കോട്ട് ബ്ലോക്കിലെ രാമുതേവന്‍പട്ടിയിലെ പടക്ക ശാലയിൽ ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ പടക്ക നിര്‍മാണശാല നിലംപൊത്തി. ജീവനക്കാര്‍ ഫാന്‍സി പടക്കങ്ങള്‍ക്കായി രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെയാണ് അപകടം നടന്നത്.

രാസവസ്തുക്കള്‍ ഇടകലര്‍ത്തുന്ന മുറിയ്ക്കുള്ളിലാണ് അപകടം നടന്നത്. മുറിയ്ക്കകത്തു നിന്നാണ് എട്ട് പേരുടെ മൃതദേഹം കിട്ടിയത്. എന്നാല്‍ രാസവസ്തുക്കള്‍ ഇടകലര്‍ത്തുമ്പോള്‍ മുറിയ്ക്കകത്ത് രണ്ട് പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ഇത് ലംഘിച്ചതിനാല്‍ അപകടത്തിന്റെ ആഘാതം വലുതായെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ 8 പേര്‍ ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടസ്ഥലത്ത് അഗ്‌നിശമന സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഒളിവില്‍ കഴിയുന്ന പടക്ക ശാലയുടെ ഉടമയ്ക്കും മാനേജര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഇരുവരെയും പിടികൂടാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മരണത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നല്‍കുകയും ചെയ്തു. പരിക്കേറ്റവരെ കാണാന്‍ റവന്യൂ മന്ത്രി കെ കെ എസ് എസ് ആര്‍ രാമചന്ദ്രനെയും തൊഴില്‍ മന്ത്രി സി വി ഗണേശനെയും നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: