കാക്കത്തുരുത്തി സ്വദേശി വലിയപറമ്ബില്‍ കൃഷ്ണന്‍കുട്ടി (73), എടതിരിഞ്ഞി കോറാത്ത് കമലാക്ഷി (80), വലൂപറമ്ബില്‍ രാഗിണി (67), എടച്ചാലി അജയകുമാര്‍ (63), വട്ടപ്പറമ്ബില്‍ ശ്രീകുമാര്‍ (47), വലിയപറമ്ബില്‍ ശിവന്‍ (56) എന്നിവര്‍ക്കാണു കുറക്കന്‍റെ കടിയേറ്റത്. പരിക്കേറ്റവര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പടിയൂര്‍ പഞ്ചായത്ത് ഒന്നാംവാര്‍ഡ് എടതിരിഞ്ഞി ചെട്ടിയാല്‍ വടക്കുഭാഗത്തും കാക്കാത്തുരുത്തി ഭാഗത്തുമാണ് കുറുക്കന്‍റെ ആക്രമണമുണ്ടായത്. രണ്ടുദിവസം മുമ്ബ് മൂന്നാം വാര്‍ഡിലായിരുന്നു കുറുക്കന്‍റെ ആക്രമണം ആദ്യമുണ്ടായത്. പിന്നീട് ഒന്നാം വാര്‍ഡിലേക്കും അത് വ്യാപിക്കുകയായിരുന്നു. വീട്ടിലെ സ്ത്രീകള്‍ അടക്കമുള്ളവരെയും പാടത്ത് പശുവിനെ നോക്കാന്‍ എത്തിയവരെയും കുറുക്കന്‍ ആക്രമിച്ചതായി പറയുന്നു. പ്രദേശത്തെ വളര്‍ത്തുമൃഗങ്ങള്‍ക്കും നിരവധി തെരുവുനായ്ക്കള്‍ക്കും കടിയേറ്റിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റ് ലതാ സഹദേവന്‍, വൈസ് പ്രസി ഡന്‍റ് കെ.വി. സുകുമാരന്‍, വാര്‍ഡ് അംഗം പ്രേമവത്സന്‍ എന്നിവര്‍ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചാലക്കുടിയില്‍ നിന്ന് മൊബൈല്‍ സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം സമാനരീതിയില്‍ പ്രദേശത്തെ രണ്ട് പോത്തിന്‍കുട്ടികള്‍ക്കും കടിയേറ്റിരുന്നു.
പോത്താനി ഭാഗത്ത് കുറുക്കന്‍ കടിച്ചെന്ന് കരുതുന്ന പശുക്കള്‍ ചത്തതായും അടുത്ത ദിവസംതന്നെ പ്രദേശത്ത് മൃഗങ്ങള്‍ക്കു വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ലതാ സഹദേവന്‍ പറഞ്ഞു.