അടിമാലിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഒരു 25 കിലോമീറ്റർ ഉള്ളിലേക്ക് സഞ്ചരിച്ചാൽ മാങ്കുളമായി.ഇവിടെയാണ് കുവൈറ്റ് സിറ്റി. എങ്ങനെയാണ് ഈ സ്ഥലത്തിന് ഈ പേരു വന്നത് എന്നതിനെക്കുറിച്ച് കൃത്യമായ കഥകളൊന്നുമില്ല.
ഇടുക്കിയിലെ സിറ്റികൾ
∙ കുരുവിള സിറ്റി: രാജകുമാരി എന്ന സ്ഥലത്താണ് കുടിയേറ്റ കർഷകനായിരുന്ന തെക്കനാട്ട് കുരുവിളയുടെ പേരിലുള്ള ഈ സിറ്റി.
∙ ഇലപ്പള്ളി സിറ്റി: സഞ്ചാരികളുടെ പ്രിയയിടമായ വാഗമൺ റൂട്ടിലാണ് ഇലപ്പള്ളി സിറ്റി.
∙ മൈക്ക് സിറ്റി: ലൗഡ്സ്പീക്കർ എന്ന സിനിമയിലൂടെ മലയാളക്കര കണ്ട സിറ്റി, ഉച്ചത്തിൽ സംസാരിക്കുന്ന നാട്ടുകാരനായ തൊമ്മിക്കുഞ്ഞിന്റെ വട്ടപ്പേരിൽ അറിയപ്പെടുന്ന സിറ്റി തോപ്രാംകുടിക്കു സമീപമാണ്.
∙ സ്വപ്നാ സിറ്റി: മുതിരപ്പുഴക്കു സമീപമാണ് സ്വപ്നാ സിറ്റി.
∙ വാക്കോടൻ സിറ്റി: ശാന്തൻപാറയ്ക്ക് മൂന്നു കിലോമീറ്റർ അകലെ കുന്നിൻചെരുവിൽ താമസമാക്കിയ വാക്കോട്ടിൽ വർക്കി എന്ന കർഷകന്റെ നാമത്തിൽ ഉണ്ടായ സിറ്റി.
∙ പുട്ട് സിറ്റി: കാഞ്ചിയാർ പഞ്ചായത്തിലെ മേപ്പാറയിൽ തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ ഇഷ്ടഭക്ഷണമായ പുട്ട് വിളമ്പാൻ ഒരു ചെറിയ ചായക്കട ഉണ്ടായിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ള തൊഴിലാളികൾ ഇവിടെ എത്തിത്തുടങ്ങി, പുട്ടും കടലയും കഴിക്കാൻ. പുട്ട് വിളമ്പിയിരുന്ന കട സ്ഥിതിചെയ്തിരുന്ന പ്രദേശം പിന്നീട് പുട്ടുസിറ്റിയായി.
∙ വേങ്ങ സിറ്റി, കടുക്കാ സിറ്റി, പുന്ന സിറ്റി: രാജാക്കാടിന് എട്ടു കിലോമീറ്റർ അകലെ വേങ്ങ നിന്ന ഭാഗത്ത് കടമുറികൾ ഉയർന്നതോടെ വേങ്ങ സിറ്റി എന്നറിയപ്പെട്ടു. ഇതാണ് പിന്നീട് രാജകുമാരിയായി മാറിയത്. ഇവിടെനിന്നു വടക്കോട്ടു നീങ്ങിയ കുടിയേറ്റക്കാർ ചെന്നുനിന്നത് കടുക്കാമരങ്ങൾ നിന്ന ഒരു ദേശത്താണ്. ഇവിടെയും ചില പീടികകൾ ഉയർന്നുവന്നത് കടുക്കാ സിറ്റിയെന്ന പേരിന്റെ പിറവിക്കു കാരണമായി. എൻആർ സിറ്റിക്കു സമീപം പുന്നമരങ്ങൾ നിരനിരയായി നിന്ന ദേശം പുന്ന സിറ്റിയായി.
.കുവൈറ്റ് സിറ്റി
ഇടുക്കിയിൽ ഏറ്റവുമധികം കുടിയേറ്റ കർഷകർ താമസിക്കുന്നത് കുവൈറ്റ് സിറ്റിയിലാണ്. പെരുമ്പൻകുത്തിന് സമീപം മാങ്കുളം ഉൾപ്പെടെ കുവൈത്ത് സിറ്റിയായി അറിയപ്പെടുന്നു. പ്രകൃതിയുടെ സൗന്ദര്യവും പേരിലെ കൗതുകവും അറിഞ്ഞുകേട്ട് ഇവിടേക്ക് ധാരാളം സഞ്ചാരികളെത്തുന്നുണ്ട്. കുവൈറ്റ് സിറ്റി’യിലെത്തുന്നതിനു മുമ്പ് കോഴിവിളക്കുത്ത് വെള്ളച്ചാട്ടമുണ്ട്.കാണാൻ മറക്കരുത്- അതിമനോഹരമാണ് കാഴ്ച !!