Movie

പ്രായം കൂടുന്തോറും വീര്യം കൂടുന്ന അഭിനയ പ്രതിഭ, ‘ഭ്രമയുഗ’ത്തിലെ മമ്മൂട്ടിയുടെ  കൊടുമൺ പോറ്റി  ചലച്ചിത്രാഭിനയത്തിലെ സമാനതകളില്ലാത്ത പരകായ പ്രവേശം

ശ്യാം ശങ്കർ

  മനുഷ്യൻ കഥ പറഞ്ഞു തുടങ്ങിയ കാലം മുതലേ ഉണ്ട് ഒരു പ്രജാപതിയും ആ പ്രജാപതി അടിമയാക്കിയ കുട്ടിച്ചാത്തനും. പുരാതന നാടോടി കഥകളിലും ഐതീഹ്യങ്ങളിലും അറബിക്കഥകളിലും തുടങ്ങി സമകാലിക സാമൂഹ്യ ജീവിതത്തിൽ വരെ പേർത്തും പേർത്തും ആവർത്തിക്കപ്പെടുന്ന ഒരു കഥ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലും, വില്യം ഷെയ്ക്‌സ്പിയറിന്റെ ടെംപെസ്റ്റിലും ഒക്കെ തുടങ്ങി സമകാലിക നൂറ്റാണ്ടുകളിലെ ജോർജ് ബുഷിലും, കൊറിയൻ കിം ഭരണാധികാരികളിലും, സദ്ദാം ഹുസ്സെയിനിലും, വ്ലദീമിർ പൂട്ചിനിലും, നരേന്ദ്ര മോദിയിലും വരെ എത്തി നിൽക്കുന്നു ഈ പ്രജാപതി – കുട്ടിച്ചാത്തൻ കഥ.

‘നിന്നെ രക്ഷിക്കാൻ ഞാൻ എന്ന അവതാരം മാത്രമേ ഒള്ളൂ’ എന്ന വൃത്താന്തത്തിൽ ഊന്നിയാണ് ആ കഥാഗതിയുടെ നിലനിൽപ്പ്. വില്യം ഷെയ്ക്‌സ്പിയറിന്റെ ടെംപെസ്റ്റിലെ ജാലവിദ്യക്കാരനായ പ്രോസ്പെറോ തന്റെ കുട്ടിച്ചാത്തനായ ഏരിയലിനെ നിലയ്ക്ക് നിർത്തിയിരുന്നതും ഈ കഥ പറച്ചിലിൽ ആണ്: ‘ഞാൻ മാത്രമേ ഉള്ളൂ നിന്റെ രക്ഷകനായിട്ട്’ എന്ന സാരാംശം ഉള്ള കഥ.

രാഹുൽ സദാശിവൻ തിരക്കഥയും, പ്രശസ്ത സാഹിത്യകാരനായ ടി. ഡി രാമകൃഷ്ണൻ സംഭാഷണവും എഴുതി, രാഹുൽ സദാശിവൻ തന്നെ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ എന്ന പുതിയ സിനിമയിൽ ഈ മേൽപ്പറഞ്ഞ പുരാതന കഥയ്ക്ക് ഭ്രമാത്മകമായ മറുപുറമുള്ള ഒരു പൊളിച്ചെഴുത്ത് ആണ് സംഭവിക്കുന്നത്. അധികാരം എന്നത് കവികളും, വാഴ്ത്തുപാട്ടുകാരും, ചരിത്രകാരന്മാരും, ഉൾപ്പെടുന്ന ഭക്തിയുള്ള പാണന്മാർ പാടിയുറപ്പിക്കുന്നതാണെന്ന തിരിച്ചറിവുള്ള പ്രജാപതിയുടെ അധികാരഭ്രംശം, പ്രജാപതിയുടെ യഥാർത്ഥ സ്വത്വം വെളിപ്പെടുത്തുന്ന പാണന്മാരാൽ ആകുന്ന ഒരു പൊളിച്ചെഴുത്ത്. ലോകത്തെവിടെയും അധികാരം നിലനിൽക്കുന്നത്  ‘ഞാൻ മാത്രമേ ഉള്ളൂ നിന്റെ രക്ഷകനായിട്ട്’ എന്ന  തിട്ടൂരങ്ങൾക്ക് ലഭിക്കുന്ന പാണൻ പാട്ടിലൂടെയുള്ള പ്രചാരണത്തിലൂടെയാണ്. ‘ഭ്രമയുഗം’ എന്ന ഈ സിനിമയിൽ പ്രജാപതിയുടെ യഥാർത്ഥ സ്വത്വം പുറത്താക്കുന്ന പാണൻ അധികാരം ഏറ്റെടുക്കുകയാണ്. കൂടുതൽ എഴുതിയാൽ സ്പോയിലെർ ആകുമെന്നതിനാൽ കഥാപരിസരം ലേഖകൻ ഇവിടെ വിടുകയാണ്.

മമ്മൂട്ടി പലപ്പോഴായി പറഞ്ഞിട്ടുള്ള, ഇപ്പോഴും, എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്:
“ഞാൻ എന്നിലെ നടനെ തേച്ചുമിനുക്കി വിളക്കിയെടുത്തതാണ്. ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും.” മോഹൻലാൽ എന്ന നടന്റെ താരപ്രഭയിൽ മലയാളി തെറ്റായി വ്യാഖ്യാനിച്ച വാക്കുകൾ ആണ് അവ. മലയാളി ആ വാക്കുകളെ മനസിലാക്കിയത് ‘മോഹൻലാൽ പ്രതിഭാധനനായ നടൻ ആണെന്നും, മമ്മൂട്ടി അഭിനയിക്കാനുള്ള മികവ് വരുത്തിയെടുക്കുകയാണെന്നും’ ആയിരുന്നു. പല പ്രമുഖ സിനിമാക്കാരും ഇത്തരം വ്യാഖ്യാനം നടത്തുന്നത് കണ്ടിട്ടുണ്ട്. യഥാർത്ഥത്തിൽ മമ്മൂട്ടി പറഞ്ഞ ആ തേച്ചുമിനുക്കൽ കോൺസ്റ്റാന്റിൻ സ്റ്റാനിസ്ളാവ്സ്‌ക്കിയുടെ ‘ഒരു നടൻ തയാറെടുക്കുന്നു (An Actor Prepares )’ എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്ന കാര്യങ്ങൾ ആണ്. ഏതോ സിനിമയിൽ ഒരു കഥാപാത്രം പറയുന്നുണ്ട്, അഭിനയം നാച്ചുറൽ ആകണമെന്ന്. സ്റ്റാനിസ്ളാവ്സ്ക്കിയുടെ മെത്തേഡ് പ്രകാരം അഭിനയം നാച്ചുറൽ അല്ല, Convincing ആണ് ആകേണ്ടത്. അഭിനയം നാച്ചുറൽ ആകുമ്പോൾ നടന്റെ വ്യക്തിത്വം പലപ്പോഴും കഥാപാത്ര സൃഷ്ടിക്ക് തടസ്സമാകുന്നു. നടന്റെ വ്യക്തിത്വവുമായി സാമ്യമില്ലാത്ത കഥാപാത്രങ്ങൾ നാച്ചുറൽ അഭിനയത്തിൽ Convincing അല്ലാതെ പോകുന്നു. അത്തരം ഉദാഹരണങ്ങൾ ഏറെയുണ്ട് നമ്മുടെ മുന്നിൽ. സ്റ്റാനിസ്ളാവ്സ്ക്കിയുടെ തേച്ചുമിനുക്കൽ പ്രക്രിയയിൽ (മെത്തേഡിൽ) നടൻ റദ്ദാക്കപ്പെടുന്നു, കഥാപാത്രത്തിൽ ജീവൻ തുടിക്കുന്നു.

‘ഭ്രമയുഗ’ത്തിലെ കൊടുമൺ പോറ്റിയായി വരുന്ന മമ്മൂട്ടി അത്തരം തേച്ചുമിനുക്കലിന്റെ പരകോടിയാണ്. ഇപ്പോൾ മമ്മൂട്ടി എന്ന നടനെക്കാൾ റെയ്ഞ്ചുള്ള, ഫ്ലെക്സിബിൾ ആയ നടൻ മലയാളത്തിൽ എന്നല്ല, ഇന്ത്യയിൽ തന്നെ ഇല്ല തന്നെ. സിനിമയിൽ ഒരിടത്തും, ഒരു ഞൊടിയിട പോലും മമ്മൂട്ടി എന്ന വ്യക്തി വെള്ളിത്തിരയിൽ ഇല്ല. കൊടുമൺ പോറ്റിയുടെ ഭാവങ്ങളും, ഭാവമാറ്റങ്ങളും മാത്രം. കൊടുമൺ പോറ്റിയുടെ ചിരിയുടെ ഭാവഭേദങ്ങൾ, വാത്സല്യത്തിലും, കരുണയിലും, അഹംഭാവത്തിലും ഒക്കെക്കൂടി കടന്ന് കൊലച്ചിരി വരെ എത്തി നിൽക്കുന്ന ചിരിയുടെ ഭാവഭേദങ്ങൾ മാത്രം മതി ആ തേച്ചുമിനുക്കലിന്റെ ആഴം അറിയാൻ.

അർജുൻ അശോകന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല വേഷങ്ങളിൽ ഒന്നാണ് ‘ഭ്രമയുഗ’ത്തിലെ പാണൻ. അസാധ്യ അഭിനയ ശേഷിയുള്ള നടനാണ് മനയിലെ വെപ്പുകാരനായി വേഷമിട്ട സിദ്ധാർഥ് ഭരതൻ.

സിനിമയുടെ സാങ്കേതികത്തികവ് എടുത്തുപറയേണ്ടതാണ്. ആ ഭ്രമാത്മക ലോകം നമ്മുടെ മുന്നിൽ അങ്ങനെതന്നെ എത്തിക്കുന്നതിൽ ഷെഹനാദ് ജലാലിന്റെ ക്യാമറക്കണ്ണുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ക്രിസ്റ്റോ സേവ്യറിന്റെ പശ്ചാത്തല സംഗീതം മികവുറ്റതാണ്.

നല്ല ഒരു അനുഭവമാണ് രാഹുൽ സദാശിവൻ ഒരുക്കിയന്റ ‘ഭ്രമയുഗം’ എന്ന സിനിമ. കഥാപാത്രത്തിലേക്കുള്ള പരകായ പ്രവേശത്തിലെ ടെക്സ്റ്റ് ബുക്കാണ് മമ്മൂട്ടിയുടെ ‘കൊടുമൺ പോറ്റി’.

  ★ എസ് ബി ഐ പത്തനംതിട്ട ബ്രാഞ്ച് മാനേജരാണ് ലേഖകൻ

Back to top button
error: