KeralaNEWS

കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ തര്‍ക്കം; മന്ത്രി ബിന്ദുവും വിസിയും തമ്മില്‍ വാക്കേറ്റം

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍. യോഗത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആ ബിന്ദുവും വി സിയുമായി തര്‍ക്കമുണ്ടായി. സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന് യോഗത്തില്‍ ഇടത് അംഗം പ്രമേയം അവതരിപ്പിച്ചു. പ്രമേയം പാസായെന്നും യോഗം അവസാനിച്ചെന്നും മന്ത്രി പറഞ്ഞതോടെ ഇതിനെ എതിര്‍ത്ത് വി സി മോഹനന്‍ കുന്നുമ്മല്‍ രംഗത്തെത്തുകയായിരുന്നു.

”വിസിയെ തിരഞ്ഞെടുക്കാനുള്ള സെനറ്റ് കമ്മിറ്റി യോഗത്തിലേക്ക് നോമിനിയെ തിരഞ്ഞെടുക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ നിലവിലെ വിസിയാണ് യോഗം വിളിച്ചത്. ഇതനുസരിച്ച് ഞങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത് നോമിനേഷന്‍ നല്‍കിയെങ്കിലും ഒരു വിഭാഗം സെനറ്റ് അംഗങ്ങള്‍ ഇതിനെ എതിര്‍ത്തുകൊണ്ട് പ്രമേയം പാസാക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. ഇങ്ങനെയുള്ള യോഗങ്ങളില്‍ പ്രമേയം അവതരിപ്പിക്കാന്‍ പാടില്ലെന്ന് നിയമമുണ്ട്. എന്നാല്‍, ഇവിടെ അവതരിപ്പിക്കാത്ത പ്രമേയം അവതരിപ്പിച്ചുവെന്ന് പറഞ്ഞ് മന്ത്രി അത് പാസാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. യുഡിഎഫ് അംഗങ്ങളുടെ സീറ്റില്‍ മൈക്ക് പോലും നിഷേധിച്ചു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരില്‍ സര്‍വകലാശാലയുടെ യശസ് തകര്‍ക്കാനും ഭരണം സ്തംഭിക്കാനുമുള്ള സാഹചര്യം ഉണ്ടാകരുത്. സര്‍വകലാശാലയുടെ വിദ്യാഭ്യാസ താല്‍പ്പര്യങ്ങള്‍ക്കെതിരായിട്ടുള്ള നിലപാടാണ് സര്‍ക്കാരും ഗവര്‍ണറും സ്വീകരിക്കുന്നത്.”- എം വിന്‍സന്റ് എംഎല്‍എ പറഞ്ഞു.

സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള യൂണിവേഴ്‌സിറ്റി പ്രതിനിധിയെ നിശ്ചയിച്ച് നല്‍കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കേരള സര്‍വകലാശാലയില്‍ സെനറ്റ് യോഗം ചേര്‍ന്നത്. യോഗം ചേരാനുള്ള തീരുമാനത്തിന് പിന്നാലെ എതിര്‍പ്പുകളും വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഇതിനെ എല്ലാം മറികടന്നുകൊണ്ടാണ് ഇന്ന് യോഗം ചേര്‍ന്നത്. രാവിലെ 11 മണിക്ക് ആരംഭിച്ച യോഗത്തില്‍ സര്‍വകലാശാലാ നോമിനിയെ നിശ്ചയിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണുണ്ടായിരുന്നത്. 106 അംഗങ്ങളുള്ള സെനറ്റില്‍ ക്വാറം തികയാന്‍ മൂന്നിലൊന്ന് അംഗബലം മതിയാകും.

ഇടത് അംഗങ്ങളാണ് ഭൂരിപക്ഷമെങ്കിലും, ചാന്‍സലര്‍ നോമിനികളും യുഡിഎഫ് പ്രതിനിധികളും ഔദ്യോഗിക അംഗങ്ങളും യോഗത്തില്‍ എത്തിയാല്‍ ക്വാറം തികയും. സര്‍വകലാശാല ഭേദഗതി ബില്‍ തീരുമാനം ആകാതെ സെനറ്റ് പ്രതിനിധിയെ നല്‍കേണ്ടതില്ലെന്നായിരുന്നു സിപിഎം തീരുമാനം.

 

Back to top button
error: