പുനലൂർ:കൊല്ലത്തുനിന്നു പുനലൂർ, ചെങ്കോട്ടവഴി 761 കിലോമീറ്റർ നീളുന്ന ചെന്നൈ പാതയിൽ ഇനി വൈദ്യുതത്തീവണ്ടികൾ ഓടിക്കാം.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തിരുവിതാംകൂറിലെ ആദ്യ തീവണ്ടിപ്പാതയും പൂർണമായും വൈദ്യുതീകരിച്ചു.
119 വർഷത്തെ ചരിത്രം കൂകിപ്പാഞ്ഞ പാതയിൽ ഇതൊരു സുപ്രധാന നാഴികക്കല്ലാണ്. പൂർണമായും പശ്ചിമഘട്ടമേഖലയിൽ ഉൾപ്പെടുന്ന ഇടമൺ-ഭഗവതിപുരം സെക്‌ഷനിൽ കഴിഞ്ഞദിവസം പ്രവൃത്തി പൂർത്തിയായതോടെയാണ് ചെന്നൈ പാത പൂർണമായും വൈദ്യുതീകരിക്കപ്പെട്ടത്. ഇനി എൻജിന്റെ പരീക്ഷണ ഓട്ടവും പ്രിൻസിപ്പൽ ഇലക്‌ട്രിക്കൽ എൻജിനിയറുടെ (പി.സി.ഇ.ഇ.) പരിശോധനയും പൂർത്തിയാകുന്നതോടെ വൈദ്യുതയാത്രാവണ്ടി ഓടിക്കാൻ അനുമതിയാവും.
ഇടമൺ-തെന്മല സെക്‌ഷനിലെ പത്തുകണ്ണറ പാലത്തിൽ അവസാന തൂണും സ്ഥാപിച്ച ചൊവ്വാഴ്ച രാത്രിയിലാണ് പാതയിൽ പ്രധാന പ്രവൃത്തികൾ പൂർത്തിയായത്. വയറിങ് ക്രമപ്പെടുത്തലും അവസാനപരിശോധനയും ബുധനാഴ്ച ഉച്ചയോടെ പൂർത്തിയാക്കി.
കൊല്ലം മുതൽ പുനലൂർവരെയുള്ള 45 കിലോമീറ്റർ ദൂരത്ത് 2022-ൽ വൈദ്യുതീകരണം പൂർത്തിയാക്കിയിരുന്നു. പുനലൂർ-ഇടമൺ എട്ടുകിലോമീറ്ററിലും ഭഗവതിപുരം-ചെങ്കോട്ട ആറു കിലോമീറ്ററിലും കഴിഞ്ഞവർഷം പ്രവൃത്തി പൂർത്തിയാക്കി. ഏറെ വെല്ലുവിളികൾ നേരിട്ടാണ് 34 കിലോമീറ്റർ ദൈർഘ്യമുള്ള ഇടമൺ-ഭഗവതിപുരം സെക്‌ഷനിൽ വൈദ്യുതീകരണം പൂർത്തിയാക്കിയത്. ഡിസംബറിൽ തീർക്കുകയായിരുന്നു ലക്ഷ്യമെങ്കിലും വിവിധ അനുമതികൾ കിട്ടാനുള്ള കാലതാമസം പ്രവൃത്തി ഒന്നരമാസം വൈകിച്ചു.