കൊല്ലം: കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് ആക്രമണം നടത്തിയ ആള്‍ പോലീസ് പിടിയിലായി. ഇടക്കുളങ്ങര പാളാട്ടുപടീറ്റതില്‍ ഷിബു (42) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: തൊടിയൂര്‍ സ്വദേശി സതീഷ്‌കുമാറിന്റെ ഭാര്യ ഷിബുവിന് കടം നല്‍കിയ പണം തിരികെ ചോദിച്ചിരുന്നു. ഈ വിരോധത്തില്‍ സതീഷ്‌കുമാറിനെ വീടിനുമുന്നില്‍ വെച്ച് പ്രതി അസഭ്യം പറയുകയും അവിടെക്കിടന്ന തടിക്കഷണംകൊണ്ട് ആക്രമിക്കുകയും ചെയ്തു. സതീഷ് നല്‍കിയ പരാതിയില്‍ കരുനാഗപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
അതേസമയം, ഇരവിപുരത്ത് ബാറിന്റെ പരിസരത്തുവച്ച് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അഞ്ചംഗ സംഘം പിടിയില്‍. ഇരവിപുരം സ്വദേശികളായ രതീഷ് (42), സ്റ്റെര്‍വിന്‍ (29), മാര്‍ക്കോസ് (42), എബിന്‍ (38), താന്നി സ്വദേശി സിജിന്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം.
ശ്യാം എന്ന യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഇരവിപുരത്തുള്ള ബാറിന്റെ പരിസരത്ത് വച്ച് രതീഷും സ്റ്റെര്‍വിനും ശ്യാമുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ശ്യാം ഇവരോട് ബാര്‍ പരിസരത്ത് നിന്ന് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു.
ഇതേ തുടര്‍ന്ന് സ്റ്റെര്‍വിന്‍ ശ്യാമിനെ അസഭ്യം പറയുകയും ബഹളം വയ്ക്കുകയും ചെയ്തു. ഈ വിവരം ശ്യാം പൊലീസില്‍ അറിയിച്ചു. ഇതിന്റെ വിരോധത്തില്‍ പ്രതികള്‍ ശ്യാമിന്റെ വീട്ടിലെത്തിയെങ്കിലും സ്ഥലത്തുണ്ടായിരുന്നില്ല.
ഇവര്‍ തിരിച്ച് മടങ്ങിപോയി. ഇതിനിടയില്‍ പുത്തനഴികത്ത് വച്ച് ശ്യാമിനെയും സുഹൃത്തിനെയും കണ്ട സംഘം ഇവരെ തടഞ്ഞുനിറുത്തി മാരകമായി മര്‍ദ്ദിക്കുകയായിരുന്നു.