വയനാട്: പടമലയില്‍ കടുവ ഇറങ്ങിയതായി അഭ്യൂഹം. പടമലപള്ളിയുടെ പരിസരത്ത് കടുവയെ കണ്ടതായി പ്രദേശവാസികളാണ് അറിയിച്ചത്. പള്ളിയിലേക്ക് പോകുന്നതിനിടെ ഐക്കരാട്ട് സാബു, വെണ്ണമറ്റത്തില്‍ ലിസി തുടങ്ങിയവരാണ് കടുവയെ കണ്ടതായി അറിയിച്ചത്. കടുവ റോഡിന് കുറുകെ ചാടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
‘ഞാന്‍ പള്ളിയിലേക്ക് പോകുന്നതിനായി റോഡിലേക്ക് കയറിയപ്പോള്‍ നമ്മുടെ പറമ്പില്‍ നിന്നുതന്നെ ഒരു ഇരച്ചില്‍ കേട്ടു. ആനയിറങ്ങിയ ഭയമുള്ളതിനാല്‍ ശ്രദ്ധിച്ചു. എന്തോ കാടിളകി ആ പ്രദേശമാകെയിങ്ങ് വരുന്നതുപോലെയാണ് തോന്നിയത്. ആന വരുന്നുണ്ടെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് അടുത്ത വീട്ടിലേക്ക് കയറുകയായിരുന്നു. ഞാന്‍ അങ്ങോട്ട് കയറുന്ന സമയത്തിനുള്ളില്‍ കടുവ ഓടി മാറി. ആകെ പേടിച്ചുപോയി’- ലിസി പറഞ്ഞു.
കടുവയെ കണ്ടെന്ന വാര്‍ത്ത പ്രചരിച്ചതോടെ പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. പടമല പള്ളിക്ക് സമീപമുള്ള റോഡ് പ്രദേശവാസികള്‍ ഉപരോധിച്ചു. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ അജീഷ് മരിച്ച സ്ഥലത്തിന് സമീപമാണ് കടുവയെ കണ്ടിരിക്കുന്നത്. ശനിയാഴ്ച രാവിലെയായിരുന്നു മാനന്തവാടിക്ക് സമീപം ചാലിഗദ്ദയില്‍ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയ കാട്ടാന കര്‍ഷകനും ട്രാക്ടര്‍ ഡ്രൈവറുമായ അജീഷിനെ ആന ചവിട്ടിക്കൊന്നത്.
കര്‍ണാടകയില്‍ ജനവാസമേഖലയില്‍നിന്ന് വനംവകുപ്പ് പിടിച്ച് റേഡിയോകോളര്‍ ഘടിപ്പിച്ചുവിട്ട മോഴയാനയാണ് അദ്ദേഹത്തെ ആക്രമിച്ചത്. തൊഴിലാളികളെ കൂട്ടാനായി പാല്‍വെളിച്ചം ഭാഗത്തേക്ക് പോകുമ്പോഴാണ് അജിഷ് ആനയുടെ മുന്നിലകപ്പെട്ടത്. ആനയെക്കണ്ട് സമീപത്തുണ്ടായിരുന്ന പായിക്കണ്ടത്തില്‍ ജോമോന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്ന് വീട്ടിലേക്കുള്ള പടവുകള്‍ കയറി ഗേറ്റ് പൊളിച്ചെത്തിയ ആന അജീഷിനെ ചുഴറ്റിയെറിഞ്ഞശേഷം ചവിട്ടുകയായിരുന്നു.