സംസ്ഥാന സർക്കാർ കിലോയ്ക്ക് 10 രൂപ 90 പൈസയ്ക്ക് നല്‍കുന്ന അരിയാണ്, കേന്ദ്രസർക്കാർ ഭാരത് അരി എന്ന പേരില്‍ കിലോയ്ക്ക് 29 രൂപ നിരക്കില്‍ വില്‍ക്കുന്നത്. നാഷണല്‍ കോ ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷൻ, നാഫെഡ്, കേന്ദ്രീയ ഭണ്ഡാർ ഔട്ട്ലെറ്റ് എന്നിവയാണ് വിതരണത്തിന് ചുമതലപ്പെടുത്തിയത്.
എഫ്സിഐ ഗോഡൗണില്‍ നിന്ന് അരിയെടുത്ത് മില്ലില്‍ കൊണ്ടുപോയി അഞ്ച് കിലോ, പത്ത് കിലോ പാക്കറ്റിലാക്കി നല്‍കുമെന്നാണ് പ്രഖ്യാപനം. നീല, വെള്ളകാർഡ് കാർക്ക് കേന്ദ്രം റേഷൻ അരി നല്‍കുന്നുമില്ല. ഈ വിഭാഗത്തിനാണ് അധിക വിലയ്ക്ക് എഫ്സിഐ ഗോഡൗണില്‍ നിന്ന് അരിയെടുത്ത് സംസ്ഥാനം വിലകുറച്ചു നല്‍കിവരുന്നത്.
കേന്ദ്ര അരിവാങ്ങാൻ റേഷൻ കാർഡിന്റെ ആവശ്യമില്ലാത്തതിനാല്‍, അർഹതപ്പെട്ടവർക്ക് കിട്ടുമോ എന്നതും ചോദ്യമാണ്.നിലവില്‍ 94 ലക്ഷം കാർഡ് ഉടമകള്‍ കേരളത്തില്‍ ഉണ്ട്. മഞ്ഞ പിങ്ക് റേഷൻ കാർഡുകാരെ മാറ്റിനിർത്തിയാല്‍ 52.76 ലക്ഷം കുടുംബങ്ങള്‍ക്കും കേന്ദ്രമാനദണ്ഡപ്രകാരം റേഷന് അർഹതയില്ല.
നവംബർ മുതല്‍ ഈ രീതിയില്‍ അരിയെടുക്കാനും കേന്ദ്രം വിലക്കേർപ്പെടുത്തി. 78 ലക്ഷം കാർഡ് ഉടമകള്‍ ഉണ്ടായപ്പോഴാണ് കേന്ദ്രം വർഷം 14.25 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം നിശ്ചയിച്ചത്. രണ്ടര ലക്ഷം മെട്രിക് ടണ്‍ അരിയാണ് ഇത്തരത്തില്‍ കുറച്ചത്. ഇത് പുനസ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത കേന്ദ്രമാണ്, വോട്ടുറപ്പിക്കാൻ ഭാരത് അരിയുമായി രംഗത്തെത്തിയിരിക്കുന്നത്.