CrimeNEWS

ബ്രീഫ്‌കേസാണെന്ന് തെറ്റിദ്ധരിച്ച് ‘ഇ.വി.എം’ മോഷ്ടിച്ചു; സംഭവിച്ചത് ഗുരുതര സുരക്ഷാവീഴ്ച

മുംബൈ: പുനെയിലെ സ്‌ട്രോങ് റൂമില്‍നിന്ന് ഡെമോ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ മോഷണം പോയി. സുരക്ഷാവീഴ്ചയെത്തുടര്‍ന്ന് മൂന്ന് സബ് ജില്ലാ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍, മഹാരാഷ്ട്ര ചീഫ് സെക്രട്ടറി നിതിന്‍ കരീറിന് കത്തെഴുതി.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിന്നീട് ഇവിഎം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശിവാജി ബന്ദ്ഗര്‍, അജിങ്ക്യാ സാലുങ്കെ എന്നീ യുവാക്കള്‍ അറസ്റ്റിലായി. ഇവര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ക്കുകൂടി പങ്കുള്ളതായി സംശയിക്കുന്നു. അയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി. ഫെബ്രുവരി 12 വരെ കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.

Signature-ad

മോഷ്ടിക്കപ്പെട്ട വോട്ടിങ് മെഷീന്‍ പരിശീലനത്തിനും ബോധവല്‍ക്കരണ പരിപാടികള്‍ക്കും വേണ്ടി മാത്രം ഉപയോഗിക്കുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ശ്രീകാന്ത് ദേശ്പാണ്ഡെ പറഞ്ഞു.

മോഷ്ടിക്കപ്പെട്ടത് ഡെമോ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ആണെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ വോട്ടിങ് മെഷീനുകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകളിലേക്കാണു സംഭവം വിരല്‍ചൂണ്ടുന്നത്. ബ്രീഫ്‌കേസാണെന്ന് തെറ്റിദ്ധരിച്ചാണ് യുവാക്കള്‍ ഇവിഎം മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. പിന്നീട് എന്തുചെയ്യണമെന്നറിയാതെ ഇത് ഉപേക്ഷിക്കുകയായിരുന്നു.

 

Back to top button
error: