സൂറിച്ച്: 2026 ഫുട്ബോള്‍ ലോകകപ്പിന്റെ വേദികള്‍ പ്രഖ്യാപിച്ചു. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരം മെക്സിക്കോയിലും സമാപന മത്സരം അമേരിക്കയിലെ ന്യൂജഴ്സിയിലുമാണ്.
ആകെ 48 ടീമുകളാണ് 39 ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റില്‍ പങ്കെടുക്കുന്നത്.
2026 ജൂണ്‍ 11നാണ് ടൂർണമെന്റിലെ ആദ്യ മത്സരം. മെക്സിക്കോയിലെ അസ്ടെക്ക സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഫൈനല്‍ ജൂലൈ 19ന് ന്യൂജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടക്കും.
പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 48 ആയതിനുശേഷം നടക്കുന്ന ആദ്യ ലോകകപ്പിന് മൂന്നു രാജ്യങ്ങളിലെ 16 നഗരങ്ങളാണ് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തിനു വേദിയാവുന്ന അസ്ടെക്ക 87,500 പേരെ ഉള്‍ക്കൊള്ളും. ക്വാർട്ടർ ഫൈനല്‍ മുതലുള്ള മത്സരങ്ങളെല്ലാം യുഎസിലാണ് നടക്കുക.
1970ലും 1986ലും മെക്സിക്കോ ലോകകപ്പിന് വേദിയായിട്ടുണ്ട്. 1994ല്‍ യുഎസിലും ലോകകപ്പ് നടന്നിട്ടുണ്ട്. എന്നാല്‍ കാനഡയില്‍ ആദ്യമായാണ് ലോകകപ്പ് ഫുട്ബോള്‍ നടക്കുന്നത്.