ഇന്ത്യാ സഖ്യം കേരളത്തില്‍ ഇല്ലെന്നും സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടക്കുകയെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ സി.പി.എം – ബി.ജെ.പി രഹസ്യ ധാരണയുണ്ടെന്നും അവര്‍ ആരോപിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ കേരളത്തില്‍ വെല്ലുവിളികള്‍ കൂടുതലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയവും രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വവും ചര്‍ച്ചാ വിഷയങ്ങളായിരുന്നു. ഇക്കുറി വെല്ലുവിളികള്‍ വ്യത്യസ്തമാണ്. കേരളത്തില്‍ അക്കൗണ്ട് തുറക്കാനാണ് ബി.ജെ.പിയുടെ ശ്രമം. തൃശൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ അവര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. ആര്‍.എസ്.എസ് അതിന് വേണ്ടി കഠിനമായി പരിശ്രമിക്കുന്നുമുണ്ട്. അതിനെതിരെ ശക്തമായ പോരാട്ടം കേരളത്തില്‍ കോണ്‍ഗ്രസ് കാഴ്ച്ച വെയ്ക്കും. അതിനുള്ള ആത്മവിശ്വാസം കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആദ്യദിനം മുതല്‍ പോരാട്ടം കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ ആയിരിക്കുമെന്നും ദീപാദാസ് മുന്‍ഷി കൂട്ടിച്ചേര്‍ത്തു.