കൊച്ചിയിൽ ഇൻഫോ പാർക്കിന് സമീപം 10 ഏക്കർ ഭൂമിയിൽ 90 കോടി രൂപ ചിലവിൽ സ്ഥാപിക്കുന്ന അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെൻ്റർ ഉദ്ഘാടനത്തിന് തയ്യാറായിരിക്കുകയാണ്.
എക്സിബിഷനുകളും കോൺഫറൻസുകളും വ്യാപാരമേളകളും മീറ്റിങ്ങുകളും ബിനാലെയും ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ നിർമ്മിക്കുന്ന സെൻ്ററിൻ്റെ ഒന്നാം ഘട്ടമാണ് ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്.
4500sq.ft ഉള്ള 6 ഘടക യൂണിറ്റുകള്‍ ആയിട്ടാണ് എക്സിബിഷന്‍ സെന്‍റര്‍ നിര്‍മിച്ചിട്ടുള്ളത്. ഒരു യൂണിറ്റില്‍ 25-30 സ്റ്റാളുകള്‍ സെറ്റ് ചെയ്യാനാകും. ജ്വല്ലറി, പ്രെഷ്യസ് സ്റ്റോൺസ്, ഹൈ വാല്യൂ ഐറ്റംസ് എന്നിവയ്ക്ക് വേണ്ടിയുള്ള പ്രത്യേകം സജീകരണമുള്ള 24 സ്റ്റാളുകള്‍ വേറെയുമുണ്ട്. ഓരോ യൂണിറ്റിലും കോമൺ ലോക്കർ ഫെസിലിറ്റി, നെയിം ടാഗിംഗ് റൂംസ്,സ്റ്റോർ റൂം എന്നിവയും നിർമ്മിച്ചിട്ടുണ്ട്. ഒപ്പം വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കണക്റ്റിവിറ്റിയുടെ കാര്യത്തിലും മികച്ച പ്രദേശത്താണ് അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെൻ്റർ ഒരുക്കിയിരിക്കുന്നത്. ഇൻഫോപാർക്ക് എക്സ്പ്രസ് വേയുടെയും സീപോർട്ട് എയർപോർട്ട് റോഡിൻ്റെയും സാമിപ്യവും അടുത്ത ഘട്ടത്തിൽ കൊച്ചി മെട്രോ വരുന്നത് സെൻ്ററിന് സമീപത്തുകൂടെയാണെന്നതും അനുകൂലഘടകമാണ്. സംസ്ഥാനത്തെ വ്യാവസായിക, കാർഷിക മേഖലയിലെ യൂണിറ്റുകൾക്ക് പ്രദർശനത്തിനുള്ള സൗകര്യം ഒരുക്കുന്നതിലൂടെ ദേശീയതലത്തിലും ആഗോളതലത്തിലും പുതിയ വിപണികൾ കണ്ടെത്തി പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് അവരുടെ നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്നതിനും സെൻ്ററിൻ്റെ പിന്തുണ ഉണ്ടാകും.