SportsTRENDING

തോൽവിയോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്

ഭുവനേശ്വർ:  ഇടവേളയ്ക്കുശേഷം ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മൈതാനത്തെത്തിയ കേരളാ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. ഒഡിഷ എഫ്.സി.ക്കെതിരേ 2-1 ന് ആയിരുന്നു തോൽവി.
ആദ്യ പകുതിയിൽ മുന്നിട്ടുനിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. 11-ാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് ഗോൾ നേടി മുന്നിലെത്തിയെങ്കിലും  രണ്ടാം പകുതിയിൽ നാല് മിനിറ്റിനിടെ രണ്ട് ഗോളുകൾ നേടിയാണ് ഒഡീഷ വിജയിച്ചത്.

റോയ് കൃഷ്ണയുടെ നാല് മിനിറ്റ് ഇടവേളയിലെ രണ്ട് ഗോളുകളാണ് ഒഡിഷക്ക് ജയം സമ്മാനിച്ചത്. 53-ാം മിനിറ്റിൽ കോർണറിൽനിന്ന് ജാവോയുടെ ഉശിരൻ ക്രോസ് റോയ് കൃഷ്ണ വലയിലേക്ക് തിരിച്ചുവിട്ടു. റോയ് കൃഷ്ണയെ ബ്ലാസ്റ്റേഴ്സിൽ ആരും മാർക്ക് ചെയ്യാതിരുന്നത് വലിയ പിഴവായി. ഇതോടെ കളി 1-1 സമനിലയായി.

ബ്ലാസ്റ്റേഴ്സ് നിരയിൽ അതിന്റെ ആഘാതം വിട്ടുമാറുന്നതിനു മുന്നെത്തന്നെ റോയ് രണ്ടാമത്തെ ഗോളും കണ്ടെത്തി. 57-ാം മിനിറ്റിൽ ഹെഡർ വഴിയായിരുന്നു ഇത്തവണത്തെ ഗോൾ. ഗോളി സച്ചിൻ സുരേഷിന് ഒന്നും ചെയ്യാനാവാത്ത വിധം അത് വലയിൽ ചെന്നു പതിച്ചു.ഇതോടെ ഗോൾവേട്ടയിലും റോയ് കൃഷ്ണ മുന്നിലെത്തി. ഒൻപത് ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്.എട്ട് ഗോളുകളുമായി ബ്ലാസ്റ്റേഴ്സിന്റെ ദിമിത്രിയോസ് ഡയമന്റക്കോസ് ആണ് രണ്ടാം സ്ഥാനത്ത്.

Signature-ad

 

11-ാം മിനിറ്റിൽ ദിമിത്രിയാസ് ഡയമന്റാക്കോസിലൂടെയാണ് കേരളം സ്കോർ കണ്ടെത്തിയത്. നിഹാലാണ് അസിസ്റ്റ് നല്കിയത്. വലതു വിങ്ങിൽനിന്ന് കൈവശപ്പെടുത്തിയ പന്തുമായി നിഹാൽ ഒഡിഷ ബോക്സിനകത്തേക്ക് ഓടിക്കയറി  പിഴവുകളില്ലാതെ ദിമിത്രിയോസ് ഡയമന്റക്കോസിന് കൈമാറുകയായിരുന്നു. ദിമിത്രിക്ക് ഇത് പോസ്റ്റിലേക്ക് പായിക്കേണ്ട ചുമതലയേ ഉണ്ടായിരുന്നുള്ളൂ.

 

ജയത്തോടെ ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഒഡിഷ പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി. 13 കളികളിൽനിന്ന് എട്ട് ജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമായി 27 പോയിന്റാണ് ഒഡിഷയ്ക്ക്. അത്രതന്നെ മത്സരങ്ങളിൽ എട്ട് ജയവും രണ്ട് സമനിലയും മൂന്ന് തോൽവിയുമായി 26 പോയിന്റോടെ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 11 കളികളിൽ എട്ട് ജയവും മൂന്ന് സമനിലയുമായി 27 പോയിന്റുകൾ നേടി ഗോവയാണ് ഒന്നാമത്.

Back to top button
error: