കൊച്ചി: ഹൈക്കോടതിയിലെ അഭിഭാഷകന്‍ പത്തുവര്‍ഷമായി പ്രാക്ടീസ് ചെയ്യുന്നത് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍. ബിഹാറിലെ മഗ്ധ സര്‍വകലാശാലയുടേത് എന്ന പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി വഞ്ചിയൂര്‍ സ്വദേശിയായ മനു ജി രാജന്‍, ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി എന്‍ട്രോള്‍ ചെയ്തതിന്റെ തെളിവുകളാണ് പുറത്തുവന്നത്. വ്യാജരേഖ ചമച്ചതിന് മനു ജി രാജനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.
തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിയായ മനു ജി രാജന്‍ 2013ലാണ് ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്തത്. ബിഹാറിലെ മഗധ് സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബി ബിരുദം ലഭിച്ചിട്ടുണ്ടെന്ന് കാട്ടിയുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയായിരുന്നു ഇത്. പിന്നീട് പ്രാക്ടീസ് കാലയളവില്‍ 53 പേരുടെ വക്കാലത്തും ഏറ്റെടുത്തു. ഇതിനിടയിലാണ് തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശിയായ സച്ചിന്റെ സ്വത്തു തര്‍ക്കം സംബന്ധിച്ച കേസും വാദിക്കാമെന്ന് ഏറ്റത്. എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും വക്കാലത്ത് ഏറ്റെടുത്തില്ല. ഇതോടെ വിവരാവകാശ രേഖകളുടെ സഹായത്തോടെ സച്ചിന്‍ നടത്തിയ അന്വേഷണത്തില്‍ മനു ജി രാജന്റേത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ആണെന്ന് കണ്ടെത്തി. പിന്നാലെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ബാര്‍ കൗണ്‍സിലില്‍ എന്‍ട്രോള്‍ ചെയ്യാനായി ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകളെല്ലെന്ന് മഗധ് സര്‍വകലാശാല അധികൃതര്‍ പൊലീസിന് മറുപടി നല്‍കി. നടപടി വേണമെന്നാവശ്യപ്പെട്ട് ബാര്‍ കൗണ്‍സിലിലും പരാതി നല്‍കിയിട്ടുണ്ട്. മനു ജി രാജന്റെ കൈവശമുള്ള കേരള സര്‍വകലാശാലയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സച്ചിന്‍ ഗവര്‍ണര്‍ക്കും പരാതി നല്‍കി.