IndiaNEWS

കോടതി ഉത്തരവിട്ട് ഒമ്പത് മണിക്കൂര്‍; ഗ്യാന്‍വാപി നിലവറയില്‍ പൂജ തുടങ്ങി

ലഖ്‌നൗ: കോടതി ഉത്തരവ് പുറത്തുവന്ന് ഒമ്പത് മണിക്കൂറിനകം കാശി ഗ്യാന്‍വാപി മസ്ജിദ് കോംപ്ലക്സിനകത്തെ ഒരു നിലവറയില്‍ പൂജ തുടങ്ങി. 30 വര്‍ഷത്തിലേറെ കാലം ഇവിടെ പൂജ നടത്തിയിരുന്നില്ല. എന്നാല്‍, പൂജ നടത്താന്‍ വാരണാസി ജില്ല കോടതി അനുമതി നല്‍കിയ ശേഷം അര്‍ധ രാത്രിയോടെ ബാരിക്കേഡുകള്‍ നീക്കുകയും പൂജ നടത്തുകയുമായിരുന്നു. ‘വ്യാസ് കെ തെഖാന’യിലാണ് പൂജ -ആരതി നടത്തി പ്രസാദം വിതരണം ചെയ്തത്.

കോടതി ഉത്തരവിന് ശേഷം ബുധനാഴ്ച രാത്രി മുതിര്‍ന്ന പൊലീസ് നേതാക്കളും ഉദ്യോഗസ്ഥരും കാശി വിശ്വനാഥ് ധാമിലെത്തിയിരുന്നു. വ്യാസ നിലവറയില്‍ പൂജ നടത്തുന്നതുമായി ബന്ധപ്പെട്ട് ഉന്നത തല യോഗം ചേരുകയും ചെയ്തു. തുടര്‍ന്നാണ് പൂജ തുടങ്ങിയത്. വ്യാഴാഴ്ച കാലത്ത് മംഗള ആരതിയും നടത്തി. പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Signature-ad

കെട്ടിടത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ബേസ്‌മെന്റില്‍ വിഗ്രഹാരാധനയും ‘രാഗ്-ഭോഗും’ നടത്താന്‍ റിസീവറായ ജില്ലാ മജിസ്‌ട്രേറ്റിനോട് ജില്ലാ ജഡ്ജി നിര്‍ദ്ദേശിച്ചിരുന്നു. ഏഴ് ദിവസത്തിനകം കൃത്യമായ ക്രമീകരണം ഏര്‍പ്പെടുത്താനും റിസീവറിന് നിര്‍ദേശം നല്‍കി. കേസിന്റെ അടുത്ത വാദം ഫെബ്രുവരി എട്ടിന് നടക്കും.

വ്യാസ നിലവറ ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറണമെന്നും 1993 ഡിസംബറിന് മുമ്പുള്ളതുപോലെ ആരാധന നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25ന് ശൈലേന്ദ്രകുമാര്‍ പഥക് വ്യാസാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നത്. അഞ്ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി ബലപ്രയോഗത്തിലൂടെ നിലവറ കൈക്കലാക്കുമെന്ന് പരാതിക്കാരന്‍ ഹര്‍ജിയില്‍ പറഞ്ഞു.

ജനുവരി 17-നാണ് ജില്ലാ ജഡ്ജി വ്യാസ നിലവറയുടെ റിസീവറായി ജില്ലാ മജിസ്‌ട്രേറ്റിനെ നിയമിച്ചത്. ബുധനാഴ്ച പൂജ അനുവദിച്ചുകൊണ്ട് രണ്ടാമത്തെ ആവശ്യവും അംഗീകരിച്ചു.

 

Back to top button
error: