IndiaNEWS

99.8% വീടുകളിലും പാചകവാതകമെത്തിച്ചെന്ന് കേന്ദ്രം; 41 ശതമാനവും ഉപയോഗിക്കുന്നത് വിറകടുപ്പ്

ന്യൂഡല്‍ഹി: രാജ്യത്തെ 99.8 ശതമാനം വീടുകളിലും പാചകവാതകമെത്തിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ജനസംഖ്യയുടെ 41 ശതമാനവും ഭക്ഷണം പാചകംചെയ്യാന്‍ ഇപ്പോഴും ഉപയോഗിക്കുന്നത് വിറക് അടക്കമുള്ള പരമ്പരാഗത ഇന്ധനങ്ങള്‍. ഇതുമൂലം വര്‍ഷം 34 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് അന്തരീക്ഷത്തിലേക്ക് തള്ളുന്നത്. ഇന്ത്യ ആകെ പുറംതള്ളുന്ന ഹരിതഗൃഹവാതകത്തിന്റെ 13 ശതമാനം വരുമിത്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റിന്റെ പഠനറിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഗ്രാമീണമേഖലയിലടക്കം പാചകവാതകത്തിന്റെ ഉപയോഗം കൂടുന്നതിന് പ്രധാനമന്ത്രിയുടെ ഉജ്ജ്വല യോജന പദ്ധതി (പി.എം.യു.വൈ.) കാരണമായിട്ടുണ്ട്. എന്നാല്‍, പല വീടുകളിലും വിറകടുപ്പുകളുടെ ഉപയോഗം പൂര്‍ണമായി ഇല്ലാതായിട്ടില്ല. പദ്ധതിയിലൂടെ പുതിയ പാചകവാതക കണക്ഷനെടുക്കുന്നവര്‍ ദാരിദ്രംമൂലം സിലിന്‍ഡറുകള്‍ വീണ്ടും നിറയ്ക്കാറില്ല. താങ്ങാനാകാത്ത വിലയാണ് പ്രതിസന്ധിയാകുന്നത്.

2016ല്‍ തുടങ്ങിയ പ്രധാനമന്ത്രി ഉജ്ജ്വല യോജനയിലൂടെ ഇതുവരെ 10.14 കോടി ആളുകള്‍ക്ക് പാചകവാതകമെത്തിച്ചു. എന്നാല്‍, പദ്ധതിപ്രകാരം സിലിന്‍ഡറുകള്‍ ലഭിച്ച 50 ശതമാനംപേരും ഒരുതവണപോലും സിലിന്‍ഡറുകളില്‍ വീണ്ടും പാചകവാതകം നിറയ്ക്കാന്‍ തയ്യാറായിട്ടില്ല. പണമില്ലായ്മ, പ്രാദേശികമായ ആചാരങ്ങള്‍, പാചകവാതകം നിറച്ചുനല്‍കുന്ന ഏജന്‍സികളുടെ കുറവ് തുടങ്ങിയവയാണ് ഇതിനുകാരണം.

 

Back to top button
error: