തൃശൂര്‍: വടക്കാഞ്ചേരിയില്‍ മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ കോണ്‍ഗ്രസ് ഓഫീസില്‍ നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വടക്കാഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലാണ് കൂട്ടത്തല്ലുണ്ടായത്. ബ്ലോക്ക് പ്രസിഡന്റ് ജയദീപും സംഘവും ഒരു ഭാഗത്തും മണ്ഡലം പ്രസിഡന്റ് ബിജു ഇസ്മയിലും സംഘവും മറുഭാഗത്തും തമ്മിലായിരുന്നു സംഘര്‍ഷം.
ഗാന്ധിജിയുടെ ഛായാചിത്രവും, നിലവിളക്കും വലിച്ചെറിയുകയും ഓഫീസിലെ കസേരകളും ജനല്‍ ചില്ലുകളും തല്ലിതകര്‍ക്കുകയും ചെയ്തു. ഗാന്ധി അനുസ്മരണ ചടങ്ങ് നേരത്തെ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗമെത്തിയതാണ് ഏറ്റുമുട്ടലിലെത്തിയത്. നേരത്തെ മുതല്‍ മണ്ഡലം, ബ്ലോക്ക് ഭാരവാഹികള്‍ തമ്മില്‍ പോരുള്ള സ്ഥലമായിരുന്നു വടക്കാഞ്ചേരി. ജയദീപിന് നേരെ അസഭ്യം മുഴക്കുകയും ഭീഷണിപ്പെടുത്തിയതായും നഗരസഭാ കൗണ്‍സിലര്‍ ആസാദിനെ ആക്രമിച്ചുവെന്നും ജയദീപ് പക്ഷം പറയുന്നു.
മണ്ഡലം പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് ഇവിടെ തര്‍ക്കം നില്‍ക്കുന്നുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഓഫീസിലെ കയ്യാങ്കളിയെന്നാണ് നേതാക്കള്‍ പറയുന്നത്. അതേസമയം, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡി.സി.സി നേതൃത്വത്തിന്റെ ഇടപെടലില്ലാത്തതാണ് ഇപ്പോള്‍ കയ്യാങ്കളിയിലെത്തിയതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ കെ.പി.സി.സിക്കും ഡി.സി.സിക്കും പരാതി നല്‍കുമെന്ന് ഇരു വിഭാഗവും അറിയിച്ചു.