KeralaNEWS

കോണ്‍ഗ്രസ് അവിശ്വാസപ്രമേയം പാസായി,, മൂന്നാര്‍ പഞ്ചായത്തില്‍ ഒടുവിൽ എല്‍.ഡി.എഫ് ഔട്ട്

    രാഷ്ട്രീയ നാടകങ്ങളും കാലുമാറ്റങ്ങളും തുടർക്കഥയായ മൂന്നാർ പഞ്ചായത്തിൽ കോൺഗ്രസിൻ്റെ അവിശ്വാസ പ്രമേയം പാസായി. ഒടുവിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. 2020 ഡിസംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 21 അംഗ ഭരണസമിതിയില്‍ 11 അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസാണ് മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ രണ്ട് അംഗങ്ങള്‍ കൂറുമാറി ഇടതുപാളയത്തിലേക്ക് പോയതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി.

കൂറുമാറിയവർക്ക് എൽ.ഡി.എഫ്. ഭരണത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ലഭിച്ചു. പിന്നീട് സി.പി.എം ഏരിയാ കമ്മിറ്റിയംഗം ഉൾപ്പെടെ രണ്ട് എൽ.ഡി.എഫ് അംഗങ്ങൾ കൂറുമാറി കോൺഗ്രസിലെത്തി. ഇതേത്തുടർന്ന് ഭൂരിപക്ഷം ലഭിച്ച കോൺഗ്രസ്‌ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ പരാജയപ്പെട്ടു.

ഇതോടെ എൽ.ഡി.എഫ് ഭരണം തുടരുകയായിരുന്നു. പിന്നീട് വൈസ് പ്രസിഡന്റിനെ കോൺഗ്രസ് അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കുകയും കോൺഗ്രസ് അംഗത്തെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു.

ഇപ്പോൾ പ്രസിഡന്റ്‌ ജ്യോതി സതീഷ് കുമാറിനെതിരേ പഞ്ചായത്തംഗം എ. ദിനകരന്റെ നേതൃത്വത്തിൽ കോൺഗ്രസാണ്  അവിശ്വാസവുമായി വന്നിരിക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയിലെ  21അംഗങ്ങളിൽ 11 പേരുടെ പിന്തുണയുണ്ട് കോൺഗ്രസിന്. കൂറുമാറിയ രണ്ട് എല്‍ ഡി എഫ് അംഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കിയതിനാൽ എട്ട് അംഗങ്ങളുടെ പിന്തുണയേ ഇപ്പോൾ എൽ.ഡി.എഫിനുള്ളൂ.

കോണ്‍ഗ്രസ് കൊണ്ടു വന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് എല്‍ ഡി എഫിന് പഞ്ചായത്തില്‍ ഭരണം നഷ്ടമായത്. കോണ്‍ഗ്രസിലെ 11 അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.എല്‍ ഡി എഫിലെ 8 അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ എതിര്‍ത്തു.അവിശ്വാസ പ്രമേയം പാസായതോടെ പതിനഞ്ച് ദിവസത്തിന് ശേഷം പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും.

പഞ്ചായത്ത് ഹാളിൽ  രാവിലെ 11-ന് നടന്ന  യോഗത്തിൽ ദേവികുളം ബ്ലോക്ക്‌ ബി.ഡി.ഒ ടോമി ജോസഫ് വരണാധികാരിയായിരുന്നു.

Back to top button
error: