CrimeNEWS

യു.എസില്‍ യാചകന്റെ ചുറ്റിക ആക്രമണം; ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

അറ്റ്‌ലാന്റ(ജോര്‍ജിയ): യു.എസില്‍ യാചകന്റെ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ബിടെക് പൂര്‍ത്തിയാക്കാനായി യുഎസിലെത്തിയ വിവേക് സെയ്‌നി എന്ന ഇന്ത്യന്‍ യുവാവാണ് കൊല്ലപ്പെട്ടത്. ജനുവരി 16 നാണ് സംഭവം.

യുഎസിലെ ജോര്‍ജിയയില്‍ ഒരു കടയില്‍ വിവേക് പാര്‍ട് ടൈം ജോലി ചെയ്തിരുന്നു. ഇവിടെ സ്ഥിരമായി എത്തിയിരുന്ന യാചകനാണ് കടയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായി വിവേകിനെ ചുറ്റിക കൊണ്ട് ആക്രമിച്ചത്. വിവേകിന്റെ തലയിലും മുഖത്തും ചുറ്റിക ഉപയോഗിച്ച് അമ്പതോളം തവണ അയാള്‍ ആഞ്ഞടിക്കുകയായിരുന്നു. വിവേക് തല്‍ക്ഷണം മരണപ്പെട്ടു.

വിവേക് ജോലി ചെയ്തിരുന്ന ഫുഡ് മാര്‍ട്ടിലെ ജീവനക്കാരാണ് അക്രമിക്ക് ഭക്ഷണവും താമസ സൗകര്യവും നല്‍കിയിരുന്നത്. ”അയാള്‍ ഞങ്ങളോട് ചിപ്‌സും കോക്കും ഉണ്ടോയെന്ന് ആരാഞ്ഞു. ഞങ്ങള്‍ അയാള്‍ക്ക് വെള്ളമുള്‍പ്പടെ എല്ലാം നല്‍കി. പിന്നീട് അയാള്‍ പുതപ്പുണ്ടോ എന്ന് ചോദിച്ചു. എന്റെ കൈയില്‍ പുതപ്പില്ലാത്തതിനാല്‍ ജാക്കറ്റ് ആണ് നല്‍കിയത്. പുറത്ത് തണുപ്പായതിനാല്‍ അയാള്‍ അകത്തേക്ക് കയറി. പുറത്തേക്കിറങ്ങാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടുമില്ല.” വിവേക് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരന്‍ പറയുന്നു.

എന്നാല്‍, സംഭവദിവസം പതിവുപോലെ ഇയാള്‍ കടയില്‍ ഇരുത്തം തുടര്‍ന്നതോടെ വിവേക് ഇയാളോട് കടയില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇറങ്ങിയില്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്നും വിവേക് മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായാണ് യാചകന്‍ വിവേകിനെ ചുറ്റിക ഉപയോഗിച്ച് ആക്രമിക്കുന്നത്.

വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോള്‍ പ്രതി കൊല്ലാനുപയോഗിച്ച ചുറ്റികയുമായി കടയില്‍ നില്‍ക്കുകയായിരുന്നു. അക്രമിയുടെ പേര് ജൂലിയന്‍ ഫോക്ക്‌നര്‍ എന്നാണെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: