KeralaNEWS

സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതിക്കും ലൈസന്‍സ് നിര്‍ബന്ധം

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതി നടത്തിപ്പിന് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. ഭക്ഷണമുണ്ടാക്കി വില്‍പ്പനയോ വിതരണമോ നടത്തുന്നവര്‍ ലൈസന്‍സോ രജിസ്ട്രേഷനോ എടുക്കണമെന്നാണ് ഭക്ഷ്യസുരക്ഷാചട്ടം. ആരാധനാലയങ്ങള്‍ക്കടക്കം ഇതു കര്‍ശനമാക്കിയ പശ്ചാത്തലത്തിലാണ് സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതിയിലും ലൈസന്‍സ് നടപ്പാക്കാനുള്ള ഭക്ഷ്യസുരക്ഷാ ഡയറക്ടറേറ്റിന്റെ തീരുമാനം. പല സ്‌കൂളുകള്‍ക്കും ഇതു സംബന്ധിച്ച് നോട്ടീസ് നല്‍കിക്കഴിഞ്ഞു.

സംസ്ഥാനത്തെ 12,000 സ്‌കൂളുകളില്‍ ഉച്ചഭക്ഷണപദ്ധതിയുണ്ട്. പ്രഥമാധ്യാപകര്‍ക്കാണ് നിര്‍വഹണച്ചുമതല. അതിനാല്‍, സ്‌കൂള്‍ ഉച്ചഭക്ഷണത്തിനുള്ള ലൈസന്‍സോ രജിസ്ട്രേഷനോ പ്രഥമാധ്യാപകരുടെ പേരിലാണ് എടുക്കേണ്ടത്. ഇതിനുപുറമേ, പാചകത്തൊഴിലാളികളുടെ ആരോഗ്യപരിശോധനയുടെ സാക്ഷ്യപത്രവും ഹാജരാക്കേണ്ടിവരും.

Signature-ad

സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതി ഭക്ഷ്യസുരക്ഷയുടെ പരിധിയില്‍ വരുന്നത് കുട്ടികളുടെ ആരോഗ്യപരിരക്ഷയ്ക്ക് സഹായകമാവുമെന്നാണ് വിലയിരുത്തല്‍. സ്‌കൂളുകളില്‍ പാചകംചെയ്യുന്ന ഭക്ഷണസാംപിള്‍ സര്‍ക്കാര്‍ അംഗീകൃതലാബുകളില്‍ നിശ്ചിത ഇടവേളകളില്‍ പരിശോധിക്കുന്നതു മാത്രമാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നിലവിലുള്ള നടപടി. ലൈസന്‍സോ രജിസ്ട്രേഷനോ എടുക്കുന്നതില്‍ ഇളവുണ്ട്.

ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കളക്ടര്‍മാര്‍ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെയും പ്രഥമാധ്യാപകരുടെയും യോഗങ്ങള്‍ വിളിച്ചിരുന്നു. ലൈസന്‍സ് എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും സമയപരിധി നിശ്ചയിച്ചിട്ടില്ല. മലപ്പുറം താനൂര്‍ ഉപജില്ലയിലെ ഒരു സ്‌കൂളിന് ലൈസന്‍സില്ലെന്ന പേരില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പാചകത്തൊഴിലാളിക്ക് നോട്ടീസ് നല്‍കിയിരുന്നു.

Back to top button
error: