വാനോളം പ്രതീക്ഷകളുമായി ഏഷ്യന്‍ കപ്പിന് എത്തിയ ഇന്ത്യ നേരിട്ടത് കനത്ത തിരിച്ചടിയായിരുന്നു. മൂന്ന് കളിയിലും തോറ്റു. ആറ് ഗോള്‍ വഴങ്ങിയപ്പോള്‍ ഒറ്റയൊന്നുപോലും തിരിച്ചടിക്കാ നായില്ല. അതേസമയം ടീമിന്റെ തോല്‍വിക്ക് താന്‍ ഉത്തരവാദിയല്ലെന്നാണ് കോച്ച് ഇഗോര്‍ സ്റ്റിമാക്കിന്റെ നിലപാട്.
”ഇന്ത്യന്‍ ടീമിനെ ഒറ്റയടിക്ക് മാറ്റിമറിക്കാന്‍ തന്റെ കയ്യില്‍ മാന്ത്രിക വടിയൊന്നുമില്ല. ഫുട്‌ബോളില്‍ പടിപടിയായേ മുന്നേറാന്‍ കഴിയൂ. ശക്തരായ എതിരാളികള്‍ക്കെതിരായ മത്സരങ്ങള്‍ ഇന്ത്യന്‍ ടീമിന് അനുഭവപാഠമാകും.” അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം കേന്ദ്ര കായികമന്ത്രാലയത്തെയും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെയും സ്റ്റിമാക്ക് വിമര്‍ശിച്ചു. ക്രോയേഷ്യന്‍ കോച്ചിന്റെ ഈ നിലപാടില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അതൃപ്തരാണെന്നാണ് വിവരം.
മുന്‍കൂര്‍ അനുമതിയില്ലാതെ സാമൂഹിക മാധ്യമങ്ങളില്‍ ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ച് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കരുതെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്റ്റിമാക്കിന് നോട്ടീസ് നല്‍കിക്കഴിഞ്ഞു. ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടില്‍ മാര്‍ച്ച് ഇരുപത്തിയൊന്നിന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 26ന് രണ്ടാം പാദത്തിലും ഏറ്റുമുട്ടും. തുടര്‍ന്ന് കുവൈറ്റ്, ഖത്തര്‍ എന്നിവരേയും ഇന്ത്യക്ക് നേരിടാനുണ്ട്.
കഴിഞ്ഞ ഓഗസ്റ്റില്‍ സ്റ്റിമാക്കിന്റെ കരാര്‍ രണ്ടുവര്‍ഷത്തേക്ക് പുതുക്കിയെങ്കിലും അനുയോജ്യനായൊരു പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ എഐഎഫ്‌എഫ്. ഫെഡറേഷന്റെ ടെക്‌നിക്കില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും സ്റ്റിമാക്കിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.