FeatureLIFE

മാടക്കടകളിൽ തൂക്കിയിടുന്ന കുലകളുടെ കാലം മറയുകയാണ്; വാഴക്കൃഷി ലാഭകരമാക്കാൻ ചില വഴികൾ

നാലു വാഴയില്ലാത്ത പുരയിടമുണ്ടാവില്ല കേരളത്തിൽ.നാലു സെന്റിൽ വീടുവയ്ക്കുന്നവർക്കുപോലും നാലു മൂലയിലും ഒരോ വാഴ വയ്ക്കാൻ കഴിയും- മനസ്സുണ്ടെങ്കിൽ!

 ഗ്രാമ– നഗര ഭേദമില്ലാതെ, കേരളത്തിൽ ചില്ലറയായും മൊത്തമായും ഏറ്റവുമധികം വ്യാപാരം നടക്കുന്ന കാർഷികോൽപന്നവും ഒരുപക്ഷേ വാഴപ്പഴം തന്നെയാവണം.ഇതൊക്കെയാണെങ്കിലും വാഴക്കൃഷി  പ്രധാന വരുമാനമാർഗമാക്കുന്നവർ ഇന്നും നമ്മുടെ നാട്ടിൽ കുറവാണെന്നതാണ് വാസ്തവം.സംസ്ഥാനത്ത് ആവശ്യമുള്ള വാഴപ്പഴം  നല്ല പങ്കും ഇന്നും  അയൽസംസ്ഥാനങ്ങളിൽ നിന്നാണെത്തുന്നത്.
വാണിജ്യാടിസ്ഥാനത്തിൽ വാഴക്കൃഷി നടത്തുന്നവർ ആദ്യം ചെയ്യേണ്ടത്
യോജ്യമായ സ്ഥലം കണ്ടെത്തുകയാണ് എന്നതാണ്. വാഴക്കൃഷിയുടെ ആദ്യ നടപടിയും ഇതുതന്നെയാണ്.മണ്ണിന്റെ ഘടന, സൂര്യപ്രകാശം എന്നിവയ്ക്കൊപ്പം നനസൗകര്യം, നീർവാർച്ച, ഗതാഗതസൗകര്യം  എന്നിവ കൂടി പരിഗണിച്ചാകണം സ്ഥലം കണ്ടെത്തേണ്ടത്.കുറഞ്ഞത് 3 വർഷത്തേക്കെങ്കിലും ഒരേ സ്ഥലത്ത് കൃഷി ചെയ്യാനാകുമെന്ന് ഉറപ്പാക്കിയാൽ പാട്ടക്കൃഷിക്കാർക്കും വാഴക്കൃഷിയിൽ വരുമാനമുറപ്പ്.
സ്വന്തമായി കൃഷിയിടമില്ലെന്നത് വാഴകൃഷിക്ക്  തടസ്സമേയല്ല. ആവർത്തനക്കൃഷി വേണ്ടിവരുന്ന റബർത്തോട്ടങ്ങൾ, തരിശു പുരയിടങ്ങൾ, മണ്ണു കോരി ഉയർത്തിയ പാടങ്ങൾ എന്നിങ്ങനെ രണ്ടോ മൂന്നോ ഏക്കർ സ്ഥലം കേരളത്തിൽ എവിടെയും പാട്ടത്തിനെടുക്കാം.ഒരു കുഴിയിൽ രണ്ടു വാഴ വീതമുള്ള അതിസാന്ദ്രതാരീതി പരമാവധി ആദായത്തിനു സഹായിക്കും.

ഏതെങ്കിലും ഒരു സീസണിനെ മാത്രം ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കുകയും വിപണി നോക്കി ഉൽപാദനം ക്രമീകരിക്കുകയും ചെയ്താൽ  മാത്രമേ വാഴക്കൃഷി ആദായകരമാവൂ.കാരണം ഒരുമിച്ചു വിളവെടുക്കുന്ന രീതിക്കു നഷ്ടസാധ്യത ഏറും. ഓണവിപണിക്കായി നേന്ത്രന്‍ ചെയ്യുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണിത്.നേന്ത്രക്കായവില ഇടിക്കാൻ സർക്കാർതന്നെ മുന്നിട്ടിറങ്ങുന്ന(ഓണ ചന്തകളും മറ്റും) ഓണവിപണിയിൽ നേട്ടത്തിനു സാധ്യത കുറയും.

 

Signature-ad

12 മാസവും വിളവു ലഭിക്കുന്ന വിധത്തിൽ  പല ബാച്ചായി വാഴക്കൃഷി ക്രമീകരിച്ചാൽ പലതാണ് നേട്ടം.അധ്വാനം വർഷം മുഴുവനുമായി വിഭജിക്കപ്പെടുന്നതിനാൽ എറക്കുറെ എല്ലാ ജോലികളും കൃഷിക്കാരനുതന്നെ ചെയ്യാം.പല ബാച്ചായി ചെയ്യുമ്പോൾ വർഷം മുഴുവൻ വരുമാനവും ലഭിക്കും.

 

കാലാവസ്ഥാമാറ്റത്തിന്റെ കാലഘട്ടത്തിൽ ഏതെങ്കിലും ഒരു ബാച്ചിനു  നാശമുണ്ടായാലും നഷ്ടം താരതമ്യേന ഇവിടെ കുറയും.തൊട്ടുപിന്നാലെ അടുത്ത ബാച്ച് വിളവെടുപ്പിനു പാകമാകുന്നതിനാൽ അടുത്ത വരുമാനം ഒട്ടും വൈകില്ല.

 

പത്തും പന്ത്രണ്ടും കിലോ തൂക്കമുള്ള വാഴക്കുലകൾ ഉൽപാദിപ്പിക്കാന്‍ കേരളത്തിലെ കൃഷിക്കാർക്ക് ഒരു  പ്രയാസവുമില്ല.  ഉത്സാഹികള്‍ക്ക് 100–120 രൂപ അറ്റാദായം ഒരു കുലയിൽനിന്നു നേടാവുന്നതേയുള്ളൂ.

 

മാസം തോറും 120 വാഴ വീതം (ദിവസേന ശരാശരി 4 വാഴക്കുല) വിളവെടുക്കാവുന്ന വിധത്തിൽ 1500 വാഴ കൃഷി ചെയ്താൽ 10,000  രൂപ മാസവരുമാനമെന്നു സാരം.എല്ലാ മാസവും ഒരേ ഉൽപാദനം വേണമെന്നില്ല, ഡിമാൻഡും സീസണുമനുസരിച്ച് അത് ക്രമീകരിച്ചാൽ മാത്രം മതി.

ഇത് മറക്കരുത് 

ഒന്നാംതരം വാഴക്കുലയുണ്ടാക്കാൻ കേരളത്തിലെ കൃഷിക്കാർക്ക് അറിയാം. എന്നാൽ അതു വെട്ടിയെടുത്ത് കൈകാര്യം ചെയ്യുന്നതാവട്ടെ, പ്രാകൃതമായും. വിളവെടുപ്പിനു ശേഷമുള്ള തെറ്റായ കൈകാര്യത്തിലൂടെ വലിയ നഷ്ടമുണ്ടാകുന്നതായി കണക്കുകൾ പറയുന്നു. കുല വാഴയിൽ നിൽക്കുമ്പോൾ പൊതിഞ്ഞു സൂക്ഷിക്കാനും ചതവും മുറിവുമില്ലാതെ വെട്ടി സൂക്ഷിക്കാനുമൊക്കെ നാം ഇനിയും ശീലിക്കേണ്ടതുണ്ട്. വാഴക്കുല പടലകൾ വേർപെടുത്തി തരംതിരിച്ചു വിൽക്കുന്ന രീതിയും കേരളത്തിൽ ഇല്ല. എന്നാല്‍ ഇത്തരം മൂല്യവർധനകളിലൂടെ മാത്രമേ തമിഴ്നാട്ടിൽനിന്നും  മറ്റുമെത്തുന്ന വില കുറഞ്ഞ കായ്കളോടു മത്സരിക്കാനാകൂ. ഏറ്റവും മികച്ച നേന്ത്രക്കായ്കൾ അവ വിളഞ്ഞ സ്ഥലവും ഉൽപാദനരീതിയുമൊക്കെ വ്യക്തമാക്കിയ കാർഡ്ബോർഡ് പെട്ടികളിൽ നൽകിയാൽ മെച്ചപ്പെട്ട വില നേടാം. മാടക്കടകളിൽ തൂക്കിയിടുന്ന കുലകളുടെ കാലം മറയുകയാണ്. സൂപ്പർ മാർക്കറ്റ് ഷെൽഫുകളിൽ ഭംഗിയായി പ്രദർശിപ്പിക്കാവുന്ന ഉൽപന്നങ്ങളാണ് ഇന്നത്തെ ആവശ്യം.

Back to top button
error: