സൈക്കിൾപോലും അപൂർവ്വമായിരുന്നകാലത്ത്, ബുള്ളറ്റോടിച്ച് നാട്ടുകാരെ ഞെട്ടിച്ച ഒരു വനിതയുണ്ട് കേരളത്തിൽ. മലയാളനാട്ടിൽ ആദ്യം മോട്ടോർസൈക്കിളോടിച്ച സ്ത്രീ. അവരാണ്, കെ. ആർ. നാരായണി.
കേരളരാഷ്ട്രീയത്തിൽ തിളങ്ങിനിന്ന കെ. ആർ. ഗൗരിയമ്മയുടെ മൂത്തസഹോദരി. 1930 ലാണ് ഈ സംഭവം. ഏതാണ്ട് 94 വർഷംമുമ്പ്. മോട്ടോർസൈക്കിൾ പേരിനുപോലും കാണാനില്ലാത്ത കാലം. ഇറാക്കിൽ എണ്ണക്കമ്പനിയിൽ എഞ്ചിനിയറായിരുന്ന, ഭർത്താവ് കേശവൻ ഇoഗ്ലണ്ടിൽനിന്നുവരുത്തിയ ബുള്ളറ്റാണ് നാരായണിയോടിച്ചത്. ചേർത്തലയിൽ ബൈക്കോടിച്ചപ്പോൾ അതുകാണാൻ ജനം തടിച്ചുകൂടി. ചിലർ കൂക്കിവിളിച്ചു. പക്ഷേ അതൊന്നും നാരായണിയെ തളർത്തിയില്ല. അവർ എത്രയോപ്രാവശ്യം ചേർത്തയിൽക്കൂടെ മോട്ടോർസൈക്കിളോടിച്ചുപോയിരിക് കുന്നു.
നാരായണി ജനിച്ചത് 1904ലാണ്. ഗൗരിയമ്മയുടെ ആത്മകഥയിൽ ചിലകാര്യങ്ങൾ പറയുന്നുണ്ട് .ആദ്യവിവാഹം വേർപിരിഞ്ഞതിനുശേഷം, വക്കീലായ കൃഷ്ണനെ അവർ വിവാഹംകഴിച്ചു. അതും അന്നത്തെക്കാലത്ത് വലിയസംഭവമായിരുന്നു. ഭർത്താക്കന്മാർ മരിച്ചുപോയ സ്ത്രീകൾപോലും അക്കാലത്തു പുനർവിവാഹംകഴിച്ചിരുന്നില്ല .അപ്പോഴാണ്, മുൻഭർത്താവ് ജീവിച്ചിരിക്കെ, നാരായണി വീണ്ടും വിവാഹംകഴിച്ചത്. വലിയ സാമൂഹികപ്രവർത്തകയുമായിരുന്നു നാരായണി. പാവപ്പെട്ടവരെ അകമൊഴിഞ്ഞു സഹായിക്കും. രണ്ടാമത്തെ വിവാഹത്തിൽ അവർക്ക്, രണ്ടു കുട്ടികളുണ്ടായിരുന്നു. 1946 ലാണ് നാരായണി മരിച്ചത് . ക്ഷയരോഗം
ബാധിച്ചിരുന്നു മരണം. നല്ലൊരു സംഗീതജ്ഞയുമായിരുന്നു നാരായണി.
ചേർത്തലയിലെ ശ്രീനാരായണമിഷൻ ഹോസ്പിറ്റൽ സ്ഥാപിച്ചത്, ഇവരുടെ ഭർത്താവു കൃഷ്ണനാണ്. നാരായണിയുടെ ചികിത്സയുടെ ഭാഗമായാണ് ആശുപത്രിയിൽ എക്സ് റേ വാങ്ങിയത്. ഇത് ആദ്യസംഭവമാണ്. അതോടെ, ആശുപത്രി എക്സ്റേ ആശുപത്രിയെന്നപേരിൽ അറിയപ്പെട്ടുതുടങ്ങി. എക്സ്റേ ജംഗ്ഷൻ എന്നാണ് ആശുപത്രിനിൽക്കുന്നയിടം ഇപ്പോഴുമറിയപ്പെടുന്നത്.