IndiaNEWS

സംവരണ ഓര്‍ഡിനന്‍സിന്റെ കരട് പുറത്തുവിട്ടു; മറാഠാ സമരം അവസാനിപ്പിച്ചു

മുംബൈ: സംവരണ ഓര്‍ഡിനന്‍സിന്റെ കരട് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തുവിട്ടതിനു പിന്നാലെ ഏറെനാളായി തുടരുന്ന മറാഠ സമരം അവസാനിച്ചു. നവി മുംബൈയില്‍ പ്രക്ഷോഭകര്‍ ആഹ്ലാദപ്രകടനം നടത്തി. കരട് പുറത്തുവിട്ടതിനാല്‍ സമരം അവസാനിപ്പിക്കുന്നതായി മറാഠാ നേതാവ് മനോജ് ജരാങ്കെ പാട്ടീല്‍ പറഞ്ഞു. മറാഠാക്കാര്‍ക്ക് സംവരണത്തിനായി പുതിയ നിയമം കൊണ്ടുവരികയാണ് സര്‍ക്കാര്‍. ഇതിന്റെ കരട് കഴിഞ്ഞ ദിവസം മനോജ് ജരാങ്കെ പാട്ടീലിനുള്‍പ്പെടെ നല്‍കിയിരുന്നു.

സംവരണം വേണമെന്നത് മറാഠാ സമുദായത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമാണ്. സംവരണം നല്‍കുന്നതിന് സര്‍ക്കാരുകള്‍ മുന്‍പും നടപടി സ്വീകരിച്ചെങ്കിലും അതൊന്നും ഫലവത്തായിരുന്നില്ല. ബിജെപിയുടെ നിയന്ത്രണത്തിലുള്ള ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നത് മറാഠകളുടെ സംവരണ ആവശ്യമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോളാണ് മറാഠാ പ്രശ്‌നം ഊരാക്കുടുക്കായത്.

Signature-ad

2016 ലാണ് മറാഠ സംവരണ പ്രശ്‌നം വീണ്ടും കത്താന്‍ തുടങ്ങിയത്. കൊപാര്‍ഡി ഗ്രാമത്തില്‍ ഒരു കൗമാരക്കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംഭാജി നഗറില്‍ (ഔറംഗബാദ്) മറാഠകള്‍ വന്‍ റാലി സംഘടിപ്പിച്ചു. കറുത്ത വസ്ത്രം ധരിച്ചു നടത്തിയ മൗനറാലിക്കു ശേഷം നേതാക്കന്‍മാര്‍ ഒരു നിവേദനം കലക്ടര്‍ക്കു നല്‍കി. മറാഠ ക്രാന്തി മോര്‍ച്ച (എംകെഎം) ഇതേ രീതിയില്‍ വിവിധ ജില്ലകളിലായി 58 റാലികള്‍ സംഘടിപ്പിച്ചു. മറാഠ സംവരണം എന്ന ആവശ്യം അതോടെ വീണ്ടും ശക്തമായി. പലയിടത്തും സമരങ്ങളുമുണ്ടായി.

സംസ്ഥാനവ്യാപകമായി ഉയര്‍ന്ന പ്രക്ഷോഭത്തെത്തുടര്‍ന്ന് 2018ല്‍ സംസ്ഥാന സര്‍ക്കാര്‍ സംവരണം പ്രഖ്യാപിച്ചെങ്കിലും സുപ്രീം കോടതി ഇതു റദ്ദാക്കി. മറാഠ സമുദായം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരല്ലെന്നും സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും 2021 മേയില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചു. 2023 ഏപ്രിലില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയെങ്കിലും അതും കോടതി തള്ളിയിരുന്നു.

Back to top button
error: