”പരമാവധി ശ്രമിച്ചു; ചേരുന്നില്ലെങ്കില്‍ പിരിയുന്നതാണ് നല്ലത്; ഞാന്‍ കരയുന്നത് മകള്‍ കാണരുതെന്നുണ്ടായിരുന്നു”
സിനിമാ ലോകത്ത് വലിയ തോതില്‍ ചര്‍ച്ചയായ സംഭവമാണ് മനോജ് കെ ജയനും ഉര്‍വശിയും വേര്‍പിരിഞ്ഞതും വിവാഹമോചന സമയത്തുണ്ടായ പ്രശ്‌നങ്ങളും. 2000 ലാണ് ഉര്‍വശി മനോജ് കെ ജയനെ വിവാഹം ചെയ്യുന്നത്. പ്രണയ വിവാഹമായിരുന്നു. ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ഉര്‍വശി തന്റെ തീരുമാനവുമായി മുന്നോട്ട് പോയി. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളല്‍ തേജാലക്ഷ്മി എന്ന മകളും ദമ്പതികള്‍ക്ക് ജനിച്ചു. എന്നാല്‍ 2008 ല്‍ രണ്ട് പേരും വേര്‍പിരിയുകയാണുണ്ടായത്. മകളുടെ സംരക്ഷണ അവകാശം സംബന്ധിച്ച് രണ്ട് പേര്‍ക്കുമിടയില്‍ വഴക്ക് നടന്നു.
ആരോപണ പ്രത്യാരോപണങ്ങള്‍ കുറച്ച് കാലം നീണ്ടുനിന്നു. ഇന്ന് പ്രശ്‌നങ്ങളെല്ലാം അവസാനിച്ച് രണ്ട് പേരും ജീവിതത്തില്‍ രണ്ട് ദിശയിലാണ്. അച്ഛനൊപ്പം കഴിയുന്ന മകള്‍ തേജാലക്ഷ്മി ഇടയ്ക്കിടെ അമ്മയെ കാണാന്‍ എത്താറുണ്ട്. ഉര്‍വശിയുമായുള്ള വിവാഹബന്ധത്തിലുണ്ടായ പ്രശ്‌നങ്ങള്‍ തന്നെ മാനസികമായി ബാധിച്ചതനെക്കുറിച്ച് മനോജ് കെ ജയന്‍ മുമ്പൊരിക്കല്‍ സംസാരിച്ചിട്ടുണ്ട്. നടന്റെ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.
ജീവിതത്തിലെ ചില താളപ്പിഴകള്‍ എന്റെ തന്നെ തീരുമാനം കൊണ്ട് സംഭവിച്ചതാണ്. ഞാന്‍ എന്നെ തന്നെ കുറ്റം പറഞ്ഞാല്‍ മതി. ഉര്‍വശിയുമായുള്ള ബന്ധം പിരിഞ്ഞപ്പോള്‍ മകളെ ഒരുപാട് വേദനിക്കുമല്ലോ എന്ന വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മനസ് കൊണ്ട് ചേരുന്നില്ലെങ്കില്‍ പിരിയുന്നതാണ് നല്ലത്. പക്ഷെ പരമാവധി ബന്ധം മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രമിച്ചിരുന്നു. ചില ആള്‍ക്കാര്‍ ഇപ്പോള്‍ കല്യാണം കഴിച്ച് മൂന്നോ നാലോ മാസം കൊണ്ട് പിരിയും. അത് പോലെയല്ല ഞാന്‍ പിരിഞ്ഞത്. ഏകദേശം ആറ് വര്‍ഷത്തോളം കൂടെ ജീവിച്ചു. എന്നിട്ടാണ് പിരിഞ്ഞത്.
അനന്തഭദ്രത്തിലെ ദിഗംഭരനൊക്കെ ഞാന്‍ ചെയ്യുന്നത് തീച്ചൂളയില്‍ നിന്നാണ്. കൂടുതല്‍ മിഴിവ് വന്നു എന്ന് ആളുകള്‍ പറയുന്നത് അതുകൊണ്ടായിരിക്കും. അത്തരം കഥാപാത്രങ്ങള്‍ ചെയ്തത് ഒരു പരിധി വരെ തന്റെ വിഷമങ്ങള്‍ മറക്കാന്‍ സഹായിച്ചെന്നും മനോജ് കെ ജയന്‍ അന്ന് വ്യക്തമാക്കി. വിവാഹമോചന സമയത്ത് ഉര്‍വശിയുടെ വീട്ടുകാര്‍ തന്നെ പിന്തുണച്ചത് തന്റെ ഭാഗത്ത് ശരിയുള്ളത് കൊണ്ടായിരിക്കാമെന്നും അന്ന് മനോജ് കെ ജയന്‍ പറഞ്ഞു.
മകള്‍ക്ക് വേണ്ടി കോടതിയിലുണ്ടായ തര്‍ക്കം ഒഴിവാക്കാമായിരുന്നോ എന്ന ചോദ്യത്തിനും മനോജ് കെ ജയന്‍ മറുപടി നല്‍കി. മകളുടെ ഭാവിയും സുരക്ഷയും എനിക്ക് വളരെ നിര്‍ബന്ധമായിരുന്നു. അതിന് വേണ്ടി മാത്രമാണ് ഇത്രയും ചെയ്തത്. അല്ലാതെ ഒരിക്കലും വാശി കാണിക്കുന്ന ആളല്ല താനെന്ന് മനോജ് കെ ജയന്‍ വ്യക്തമാക്കി.
ഉര്‍വശിയെ കോടതിയില്‍ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. വക്കീലന്‍മാര്‍ വാചകകസര്‍ത്തുകള്‍ നടത്തിയിട്ടുണ്ടാകാം. താനായിട്ട് അങ്ങനെ ചെയ്തിട്ടില്ല. പക്ഷെ ഒരു സാഹചര്യത്തില്‍ അങ്ങനെ ചെയ്യേണ്ടി വന്നു. മീഡിയ മുഴുവന്‍ കവര്‍ ചെയ്തപ്പോള്‍ എനിക്ക് മറുപടി പറയാതിരിക്കാന്‍ നിവൃത്തി ഇല്ലായിരുന്നു. അങ്ങനെ ഒരു വാക്ക് തന്നോട് പറഞ്ഞ് പോയിട്ടുണ്ടെന്നും മനോജ് കെ ജയന്‍ വ്യക്തമാക്കി.
എന്റെ ദുഖങ്ങളൊന്നും ആരോടും പറഞ്ഞിട്ടില്ല. അത് പറഞ്ഞാല്‍ ആദ്യ ഭാര്യയെ കുറ്റം പറയേണ്ടി വരും. എന്റെ ഭാര്യയെ കുറ്റം പറയാന്‍ ഒരു കാലത്തും ആഗ്രഹിച്ചിട്ടില്ല. എന്റെ മകളുടെ മുന്നിലിരുന്ന് കരയുന്നത് ഇഷ്ടമല്ല. അത്യാവശ്യം സങ്കടം വരുമ്പോള്‍ എന്റെ ഇന്നോവ ഡ്രൈവ് ചെയ്ത് ചെന്നൈയിലെ പല സ്ഥലങ്ങളില്‍ പോയി കരഞ്ഞട്ടുണ്ട്. ആരും കാണില്ലല്ലോ. ആ ഇന്നോവ വിറ്റപ്പോള്‍ ഒരുപാട് വിഷമം തോന്നിയെന്നും മനോജ് കെ ജയന്‍ വ്യക്തമാക്കി.