Social MediaTRENDING

ഏഷ്യൻ കപ്പിലെ തോൽവി; ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്കിനെ പുറത്താക്കണമെന്ന് മുറവിളി

ന്യൂഡൽഹി: ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ നാണംകെട്ട  തോൽവിക്ക് പിന്നാലെ  പരിശീലകൻ ഇഗോർ സ്റ്റിമാക്കിനെ പുറത്താക്കണമെന്ന് മുറവിളി.
പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്റെ തന്ത്രങ്ങളൊക്കെയും പരാജയപ്പെട്ടെന്ന വിലയിരുത്തലാണ് പൊതുവെ. പ്രതിരോധത്തിന് അമിത പ്രധാന്യം നല്‍കിയപ്പോള്‍ ഗോളടിക്കാൻ മറന്നു. ഇന്ത്യയുടെ മൂന്ന് മത്സരങ്ങളില്‍ നിന്നായി ഷോട്ട് ഓണ്‍ ടാർഗറ്റിലേക്ക് എത്തിയത് വിരലിലെണ്ണാവുന്ന ഷോട്ടുകളാണെന്ന് അറിയുമ്ബോഴാണ് അത്ഭുതപ്പെടുക. ഇതോടെ പരിശീലകനെതിരെ രോഷം ഉയർന്നുകഴിഞ്ഞു. കോച്ചിനെ പുറത്തക്കണമെന്ന തരത്തില്‍ എക്‌സില്‍ ഹാഷ്ടാഗ് സജീവമായി.
നായകൻ സുനില്‍ ഛേത്രിയെ മുൻനിർത്തിയായിരുന്നു ഇന്ത്യ ആക്രമണങ്ങള്‍ മെനഞ്ഞിരുന്നത്. ഛേത്രിക്ക് തിളങ്ങാനായില്ല എന്ന് മത്രമല്ല താരത്തിലേക്ക് കാര്യമായി പന്ത് എത്തിയതുമില്ല. ചടുലമായ നീക്കങ്ങളൊന്നും മിഡ്ഫീല്‍ഡർമാരില്‍ നിന്ന് വന്നില്ല. ലാലിയൻസുവാല ചാങ്‌തെ, നരോം മഹേഷ് സിങ്, മൻവീർ സിങ്, അനിരുഥ് ഥാപ്പ, സുരേഷ് സിങ് വാങ്ജം എന്നിവരൊക്കെ അണിനിരന്നെങ്കിലും മുന്നേറ്റങ്ങള്‍ക്ക് കാര്യമായ മൂർച്ച ഇല്ലാതെ പോയി. പരിക്കേറ്റ സഹല്‍ അബ്ദുല്‍ സമദിനാകട്ടെ അവസാന മത്സരത്തില്‍ അതും പകരക്കാരനായി മാത്രമെ ഇറങ്ങാനായുള്ളൂ.
തോറ്റമ്ബിയതോടെ ഫിഫ റാങ്കിങിലും ഇന്ത്യക്ക് തിരിച്ചടിയായി. 117ലേക്ക് ഇന്ത്യ എത്തുമെന്നാണ് ഒടുവിലത്തെ വിവരം. ഈ ടൂർണമെന്റ് തുടങ്ങുന്നതിന് മുമ്ബ് ഇന്ത്യ 99 ലായിരുന്നു. ഇവിടെ നിന്നാണ് ഇന്ത്യ വീഴുന്നത്. 2026 ലോകകപ്പ് യോഗ്യതയിലേക്ക് പ്രതീക്ഷയോടെ പന്ത് തട്ടിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ മൂർധാവിനേറ്റ അടിയായി ഏഷ്യാകപ്പിലേത്.
അതേസമയം താനാരു മാന്ത്രികനല്ലെന്നും തോല്‍വിയില്‍ വിമർശിക്കുന്നവരോട് ക്ഷമയോടെ കാത്തിരിക്കാനെ പറയാൻ കഴിയൂവെന്നും സ്റ്റിമാക്ക് പറഞ്ഞു.വലിയ വേദികളില്‍ കൊണ്ടുംകൊടുത്തും കളിക്കാൻ ഇനിയും ഇന്ത്യൻ ടീം പഠിക്കേണ്ടിയിരിക്കുന്നു. അതിന്  അധികൃതരും തയ്യാറാകണം. ഇന്ത്യൻ വേരുകളുള്ള താരങ്ങളെ ഇവിടെ കൊണ്ടുവന്ന് കളിപ്പിക്കേണ്ടതിന്റെ സാധ്യതകള്‍ ഇനിയും വൈകിക്കരുത്. സിറിയൻ ടീമില്‍ വരെ വിദേശപൗരത്വം ഉള്ളവർ കളിക്കുന്നുണ്ട്. അവരുടെ പ്രതിരോധ നിരയിലെ കരുത്തൻ അയ്ഹാം ഔസു സ്വീഡിഷ് പൗരനാണ്. ഇങ്ങനെയുള്ള അവസരങ്ങള്‍ എന്ത് കൊണ്ട് നമുക്ക് ഉപയോഗിച്ച്‌ കൂടാ എന്നും അദ്ദേഹം ചോദിക്കുന്നു.
പ്രതിഭകളെ ചെറുപ്പത്തിലെ കണ്ടെത്തി പ്രാപ്തരാക്കാനും മെനക്കെടണം. ഇതിന് മികച്ച അക്കാഡമികളും  അടിസ്ഥാന സൗകര്യങ്ങളും വേണം. പല രാജ്യങ്ങളും ഇത്തരത്തില്‍ കുട്ടികളെ വളർത്തി വലുതാക്കി നേട്ടം കൊയ്തിട്ടുണ്ട്. ആ വഴിക്കുള്ള സാധ്യതകളും പരിശോധിക്കേണ്ടിയിരിക്കുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎസ്എല്ലും ഗുണമായില്ല 

ഇന്ത്യയിലെ ഫുട്‌ബോളില്‍ സമൂലമാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ത്യ പന്ത് തട്ടുമെന്നുമൊക്കെയാണ് 2014ല്‍ ഐ.എസ്.എല്‍ തുടങ്ങുമ്ബോള്‍ കേട്ടിരുന്നത്. എന്നിട്ട് എന്തായി, സീസണ്‍ പത്തിലെത്തിയെങ്കിലും പടവലങ്ങ പോലെ താഴോട്ടാണ് ഇന്ത്യയുടെ വളർച്ച.

 

Signature-ad

 

റൊബോർട്ടോ കാർലോസ്, മാർക്കോ മറ്റാരാസി തുടങ്ങി ലോകഫുട്ബോളില്‍ പേരുംപെരുമയുമുളള ഒത്തിരി താരങ്ങളുടെ കൂടെയൊക്കെ കളിച്ചും പരിശീലിച്ചും ഇന്ത്യൻ താരങ്ങള്‍ മുന്നേറിയെങ്കിലും കാര്യമായ അടയാളപ്പെടുത്തലുകളുണ്ടായില്ല. ഐ.എസ്.എല്ലിലൂടെ വളർന്നുവന്ന യുവതാരങ്ങളിലൂടെ എന്തെങ്കിലുമൊക്കെ ലഭിച്ചിട്ടുണ്ടാകുമെന്ന കണക്ക് കൂട്ടലിലായിരുന്നു ആരാധകർ. ആരവങ്ങള്‍ മുഴക്കി ഖത്തറിലേക്ക് ഇന്ത്യൻ ആരാധകർ കൂട്ടത്തോടെ എത്തിയതും ഇക്കാര്യങ്ങളൊക്കെ മനസില്‍ കണ്ടായിരുന്നു.എന്നാൽ കളിച്ച മൂന്നു മത്സരങ്ങളും തോറ്റ്, തലകുനിച്ച്‌ മടങ്ങിയതോടെയാണ് ഇന്ത്യൻ ഫുട്‌ബോളിനെക്കുറിച്ചുള്ള ചർച്ചകളും ഉയരുന്നത്.

 

 

എ.എഫ്.സി ഏഷ്യൻകപ്പിലെ കഴിഞ്ഞ മൂന്ന് എഡിഷനുകളുടെ പ്രകടനം എടുത്തുനോക്കിയാല്‍ നിലവിലേത് പരിതാപകരം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടിവരും. ഒരൊറ്റ ഗോള്‍ പോലും നേടാനായില്ല എന്നതാണ് ഏറെ സങ്കടകരം. 2011ല്‍ മൂന്ന് ഗോളുകളും 2019ല്‍ നാല് ഗോളുകളും ഇന്ത്യ നേടിയിടത്ത് നിന്നാണ് ഇങ്ങനെയൊരു തളർച്ച. ഇതില്‍ 2019ല്‍ ഇന്ത്യക്ക് ഒരു മത്സരം ജയിക്കാനായിരുന്നു.

 

 

ഇന്ത്യയടങ്ങുന്ന ഗ്രൂപ്പ് ബിയില്‍ ആസ്‌ട്രേലിയ ഒഴികെ റാങ്കിങില്‍ ഏറെ മുന്നിലുള്ളവരോ വമ്ബന്‍ പേരുകാരുള്ള ടീമുകളോ ഒന്നുമല്ല ഉസ്ബെക്കിസ്ഥാനും സിറിയയും. ഒന്നു ആഞ്ഞുപിടിച്ചാല്‍ വീഴാൻ മാത്രമെ അവരൊള്ളൂ.

 

 

ആസ്‌ട്രേലിയിക്കെതിരായ ആദ്യ മത്സരത്തിലെ ആദ്യ പകുതി തന്നെയാണ് ഈ ടൂർണമെന്റിലെ ഇന്ത്യയുടെ ഹൈലൈറ്റ്. ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കുക എന്ന തന്ത്രം വിജയിക്കുകയും ചെയ്തു. എന്നാല്‍ നീക്കം മനസിലാക്കിയ ആസ്‌ട്രേലിയ കളി മുറുക്കിയതോടെ ഇന്ത്യയുടെ പ്രതിരോധത്തില്‍ വിള്ളല്‍ വിണു, ഫലമോ എതിരില്ലാത്ത രണ്ട് ഗോളുകളുടെ തോല്‍വിയും.

 

 

ആദ്യ മത്സരത്തിലെ പോരായ്മകളില്‍ നിന്ന് പാഠം ഉള്‍കൊണ്ടുള്ള മുന്നേറ്റങ്ങള്‍ ഉസ്ബെക്കിസ്ഥാനെതിരായ രണ്ടാം മത്സരത്തില്‍ കണ്ടില്ല. നാലാം മിനുറ്റില്‍ തന്നെ ഇന്ത്യ ഗോള്‍ വഴങ്ങി, ആദ്യമെ ഒരു ഗോള്‍ വീണാല്‍ പരിഭ്രമിക്കുന്ന നിലയിലേക്ക് ഇന്ത്യ എത്തി. പതിനാല് മിനിറ്റുകള്‍ക്കപ്പുറം രണ്ടാം ഗോളും ഇന്ത്യൻ വലയില്‍ എത്തി.

 

 

മൂന്നാം ഗോളോടെ ഒന്നാം പകുതി തീർന്നു. ആദ്യ പകുതിയില്‍ തന്നെ ഇന്ത്യയുടെ കയ്യില്‍ നിന്ന് കളി പോയി എന്ന് വേണം പറയാൻ. എന്നാല്‍ ആശ്വാസ ജയം തേടിയാണ് ഇന്ത്യ സിറിയക്കെതിരെ ഇറങ്ങിയത്, അവിടെയും പിഴച്ചു. രണ്ടാം പകുതിയില്‍ നേടിയ ഒരൊറ്റ ഗോളിന്റെ മികവില്‍ സിറിയ ജയിച്ചു.

Back to top button
error: