തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനത്തിന് തുടക്കംകുറിച്ച് നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം പ്രസംഗം നടത്തി. അവസാന ഖണ്ഡിക മാത്രം വായിച്ച് ഒരുമിനിറ്റിനുള്ളില്‍ തന്റെ പ്രസംഗം അവസാനിപ്പിച്ച് ഗവര്‍ണര്‍ മടങ്ങി.
ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍.ഷംസീറും ചേര്‍ന്നാണ് സ്വീകരിച്ചത്. പൂച്ചെണ്ട് നല്‍കിയാണ് മുഖ്യമന്ത്രി വരവേറ്റതെങ്കിലും ഗവര്‍ണര്‍ മുഖത്ത് നോക്കി ചിരിക്കാനോ കൈ കൊടുക്കാനോ നിന്നില്ല.
തുടര്‍ന്ന് വേഗത്തില്‍ സ്പീക്കറുടെ ഡയസിലേക്കെത്തി. ദേശീയ ഗാനം ആലപിച്ചതിന് പിന്നാലെ പ്രതിപക്ഷ നിരയില്‍നിന്ന് എല്ലാം ഒത്തുതീര്‍പ്പാക്കിയോ എന്നതടക്കമുള്ള ചോദ്യങ്ങളുയര്‍ന്നു. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ എണീറ്റപ്പോഴായിരുന്നു ഇത്. തുടര്‍ന്ന് ഗൗരവ ഭാവത്തോടെ പ്രതിപക്ഷ ഭാഗത്തേക്ക് നോക്കിയ ഗവര്‍ണര്‍ ആമുഖമായി കുറച്ച് വാചകങ്ങള്‍ പറയുകയും താന്‍ അവസാന ഖണ്ഡിക വായിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. അവസാന ഖണ്ഡിക വായിച്ച ഉടന്‍ തന്നെ ഗവര്‍ണര്‍ നിയമസഭ വിട്ടിറങ്ങുകയും ചെയ്തു.
നയപ്രഖ്യാപനത്തില്‍ കേന്ദ്രവിവേചനത്തില്‍ രൂക്ഷവിമര്‍ശനമടക്കം ഉണ്ടായിരുന്നു. സര്‍ക്കാര്‍ അയച്ചുകൊടുത്ത പ്രസംഗം ഗവര്‍ണര്‍ അതേപടി അംഗീകരിക്കുകയും ചെയ്തിരുന്നു.