വർഷത്തിൽ 300 ദിവസവും സൂര്യപ്രകാശം നല്ലരീതിയിൽ ലഭിക്കുന്ന അപൂർവ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പുനരുപയോഗിക്കാവുന്ന ഈ ഊർജ്ജ സ്രോതസ്സിനെ ഇന്നും പലരും ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ഒരു വീടിന്റെ റൂഫ് ടോപ്പിൽ ഘടിപ്പിക്കാവുന്ന വിവിധ തരത്തിലുള്ള സോളാർ പാനലുകൾ ഇന്ന് ലഭ്യമാണ്.ഇവയുടെ തുടക്കത്തിലുള്ള ചിലവിനെ ഒരു ഒറ്റത്തവണ നിക്ഷേപമായി മാത്രമാണ് കാണേണ്ടത്. ദീർഘ കാലാടിസ്ഥാനത്തിൽ നൽകേണ്ടി വരുന്ന വൈദ്യുതി ചിലവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ലാഭകരം തന്നെയാണ്.
സർക്കാരിന്റെ അകമഴിഞ്ഞ പിന്തുണയുള്ളതു കൊണ്ട് സബ്സിഡി നിരക്കിലും ഇവ ലഭ്യമാണ്. 50,000 രൂപയ്ക്ക് മികച്ച ഒരു സോളാർ പാനൽ സ്ഥാപിക്കാനുള്ള സ്കീമുകൾ ഇന്നു ലഭ്യമാണ്.
വലിയ ബിൽഡേഴ്സിന്റെ മിക്ക പ്രോജക്ടുകളിലും സോളാർ ഊർജ്ജ സംവിധാനങ്ങളും, മഴവെള്ള സംഭരണ സംവിധാനങ്ങളും ഒരുക്കിയിരിക്കും. ആവശ്യത്തിനുള്ള സൂര്യപ്രകാശവും, വായു സഞ്ചാരവും ഉറപ്പു വരുത്തുന്ന ഡിസൈനുകളായിരിക്കും ഇവ. ലൈറ്റുകളുടെയും, കൂളിങ് അപ്ലയൻസുകളുടെയും ഉപഭോഗം ഇതിലൂടെ കുറയ്ക്കാൻ സാധിക്കുന്നു. ഇത്തരം മാർഗങ്ങൾ പുതിയ ഒരു വീട് പണിയുമ്പോഴും സ്വീകരിക്കാവുന്നതാണ്.
മറ്റ് മാർഗ്ഗങ്ങൾ
കമ്പ്യൂട്ടറുകൾ, മോണിട്ടറുകൾ, കോപ്പിയറുകൾ എന്നിവ ഉപയോഗമില്ലാത്തപ്പോൾ സ്ലീപ് മോഡിൽ വെയ്ക്കുക. ഇത് ഊർജ്ജ ഉപഭോഗം 40 ശതമാനം വരെ കുറയ്ക്കും.
ബാറ്ററി ചാർജറുകളുടെ പ്ലഗ്ഗുകൾ ആവശ്യമില്ലാത്തപ്പോൾ ഊരി മാറ്റുക. സ്വിച്ച് ഓൺ ആയിരിക്കുമ്പോൾ ഇവയിലേക്കുള്ള അനാവശ്യ വൈദ്യുതി നഷ്ടം ഇത്തരത്തിൽ ഒഴിവാക്കാം.
കുറഞ്ഞ ഊർജ്ജം മാത്രമുപയോഗിക്കുന്ന ലൈറ്റുകളും, ഊർജ്ജക്ഷമത കൂടിയ വേരിയന്റുകൾ ഹോം അപ്ലയൻസുകളിലും ഉപയോഗിക്കാം. റഫ്രിജറേറ്ററുകളും, എയർ കണ്ടീഷണറുകളുമെല്ലാം വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈദ്യുതി ചിലവിൽ വലിയ വ്യത്യാസം അനുഭവപ്പെടും.
സാധാരണ ബൾബുകളേക്കാൾ ഫ്ലൂറസെന്റ് ട്യൂബ് ലൈറ്റുകളും, സിഎഫ്എല്ലുകളും അഞ്ചിരട്ടി വരെ കാര്യക്ഷമതയുള്ളവയാണ്. പകരമായി ഇവ ഉപയോഗിച്ചാൽ 70 ശതമാനം വരെ വൈദ്യുതി ലാഭിക്കാൻ കഴിയും.
കടുത്ത വേനലാവുമ്പോഴേക്കും വൈദ്യുതി ഉപഭോഗം കൂടുക സ്വാഭാവികമാണ്.ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈദ്യുതി ഉപയോഗം ഗണ്യമായി കുറക്കാനും അനാവശ്യ പണച്ചെലവ് ഒഴിവാക്കാനും കഴിയും.
വൈദ്യുതിയുമായി ബന്ധപ്പെട്ട സാമഗ്രികള്‍ വാങ്ങുമ്പോള്‍ നിലവാരമുള്ളതുമാത്രം തിരഞ്ഞെടുക്കുക. ആവശ്യത്തിനുമാത്രം വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക. പീക് ലോഡ് സമയത്ത് (വൈകീട്ട് ആറു മുതല്‍ 10 വരെ) കൂടുതല്‍ വൈദ്യുതി വേണ്ടിവരുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക. ഉപയോഗശേഷം ലൈറ്റും ഫാനും ടി.വിയും അതുപോലുള്ള മറ്റ് ഉപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്യാൻ മറക്കരുത്.
തകരാറിലായ ഉപകരണങ്ങള്‍ പ്രവര്‍ത്തനം പൂര്‍ണമായി നിലക്കുന്നതുവരെ ഉപയോഗിക്കാതെ യഥാസമയം റിപ്പയര്‍ ചെയ്തോ പുതിയവ വാങ്ങിയോ ഉപയോഗിക്കുക.
ടി.വിയും റഫ്രിജറേറ്ററും ഇല്ലാത്ത വീടുകൾ കുറവാണ്. ടി.വി കാണുമ്പോൾ ഒരു ലൈറ്റും ഫാനും കൂടി പ്രവർത്തിപ്പിക്കാറുണ്ട്. പല വീടുകളിലും ട്യൂബോ 60വാട്ടിന്‍റെ സാധാരണ ബൾബോ ആകാം. ഈ രീതിയിൽ ലൈറ്റും ഫാനും ഉൾപ്പെടെ അഞ്ചു മണിക്കൂർ ടി.വി കാണുന്നതിനുമാത്രം ഒരു യൂണിറ്റ് വേണം. ദിവസവും 10 മണിക്കൂർ ടി.വി കണ്ടാൽ അതുമാത്രം രണ്ടു യൂണിറ്റ് കറന്‍റാവും.
കിടപ്പുമുറിയിൽ ഒരു ഫാൻ എട്ടു മണിക്കൂർ പ്രവർത്തിക്കുമ്പോൾ അര യൂണിറ്റായി. അങ്ങനെ രണ്ടു കിടപ്പുമുറി ഉപയോഗിക്കുമ്പോൾ ഒരു യൂണിറ്റ് ഫാനിനുമാത്രം ചെലവാകുന്നു എന്നോർക്കുക.മാതാപിതാക്കൾക്ക് ഒരു മുറി, മക്കൾക്ക് വെവ്വേറെ മുറി എന്നത് ഒഴിവാക്കി വേനൽക്കാലത്തെങ്കിലും ഒരു മുറിയിൽ എല്ലാവരും ചേർന്ന് കിടന്നാൽ മൂന്നു ഫാനുകളുടെ സ്ഥാനത്ത് ഒരു ഫാൻ ഉപയോഗിച്ചാൽ മതി എന്നോർക്കണം.
വൈദ്യുതിച്ചോർച്ച കണ്ടെത്താം
വീട്ടിൽ പെട്ടെന്ന് അസാധാരണമായ ഉപഭോഗം ശ്രദ്ധയിൽപെട്ടാൽ അതിനുകാരണം വൈദ്യുതിച്ചോർച്ചയാകാം. കാലപ്പഴക്കംചെന്ന വയറിങ് വൈദ്യുതിച്ചോർച്ചയുണ്ടാക്കാം. ഒരു അംഗീകൃത വയർമാനെക്കൊണ്ട് വയറിങ് പരിശോധിപ്പിക്കുകയും പഴക്കംചെന്നതും ശേഷികുറഞ്ഞതുമായ വയറുകൾ മാറ്റിസ്ഥാപിക്കുകയും വേണം. ഇതൊക്കെ ചെയ്തിട്ടും വീണ്ടും അമിതമായ ഉപഭോഗമാണ് കാണിക്കുന്നതെങ്കിൽ ഇലക്ട്രിസിറ്റി ഓഫിസിൽ അപേക്ഷ കൊടുത്ത് മീറ്റർ പരിശോധിപ്പിക്കണം.