മിക്ക ബാങ്കുകള്‍ക്കും ഡെബിറ്റ് കാർഡ് റിവാർഡ് പോയിന്റുകളുണ്ടെങ്കിലും ഉപഭോക്താക്കള്‍ പലപ്പോഴും ഉപയോഗിക്കുന്നില്ലെന്നതാണ് സത്യം.
ചെലവാക്കിയ തുകയ്ക്ക് റിവാർഡും റിവാർഡ് ഉപയോഗിച്ച് ചെലവാക്കലുകളും നടത്താൻ സാധിക്കും. എസ്ബിഐയുടെ റിവാർഡ് പോയിന്റും എങ്ങനെ ഇത് ഉപയോഗിക്കാമെന്നും നോക്കാം.
ഡെബിറ്റ് കാർഡ് റിവാർഡ് പോയിന്റ്
എടിഎം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിക്കല്‍ കൂടാതെ ബില്ലടയ്ക്കാനും ഓണ്‍ലൈന്‍/ ഓഫ്‌ലൈന്‍ പര്‍ച്ചേസുകള്‍, ഇന്ധനം നിറയ്ക്കല്‍, ടിക്കറ്റ് ബുക്കിംഗ് തുടങ്ങി നിരവധി ഇടപാടുകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്. ഇത്തരം ഓരോ ഇടപാടിന് അനുസരിച്ചും ചെലവഴിക്കുന്ന തുകയ്ക്ക് അനുസരിച്ചും ബാങ്ക് റിവാര്‍ഡ് നല്‍കും.
ഓരോ ബാങ്കിലും ഒരു റിവാർഡ് പോയിന്റിന് നിശ്ചിത തുകയുടെ മൂല്യം കല്‍പ്പിച്ചിട്ടുണ്ടാകും. ഇവ റഡീം ചെയ്യാൻ പറ്റുന്നത്രയും എണ്ണമെത്തുമ്ബോള്‍ ഇതിന് തുല്യമായ തുകയുടെ കൂപ്പണുകളായി പിന്‍വലിക്കാനും വാങ്ങലുകള്‍ക്ക് ഉപയോഗിക്കാനും സാധിക്കും.
എസ്ബിഐ റിവാർഡ്
സ്റ്റേറ്റ് ബാങ്ക് ഡെബിറ്റ് കാർഡ് ഉപഭോക്താക്കള്‍ക്കുള്ള ലോയല്‍റ്റി പ്രോഗ്രാമാണ് എസ്ബിഐ റിവാർഡ്. ഒരു ഉല്‍പ്പന്നം വാങ്ങാനോ സേവനത്തിന് പണം നല്‍കാനോ എസ്ബിഐ ഡെബിറ്റ് കാർഡ് തിരഞ്ഞെടുക്കുമ്ബോഴോ റിവാർഡ് പോയിന്റുകള്‍ ലഭിക്കും. 2020 ജനുവരി 1 മുതല്‍ ഡെബിറ്റ് കാർഡ് ഇടപാടുകളില്‍ നിന്നുള്ള ബാങ്ക് പോയിന്റുകള്‍ “ഗ്രീൻ പോയിന്റ്” ആയാണ് കണക്കാക്കുന്നത്.
റിവാർഡ് പോയിന്റുകള്‍ ഇങ്ങനെ
എല്ലാ ഡെബിറ്റ് കാർഡ് ഉപയോഗിച്ചും പിഒഎസ് അല്ലെങ്കില്‍ ഇ-കോമേഴ്സ് ആവശ്യങ്ങള്‍ക്ക് 200 രൂപ ചെലവാക്കിയാല്‍ 2 പോയിന്റ് ലഭിക്കും. ഐഒസി പമ്ബുകളില്‍ ഈ പോയിന്റ് ലഭിക്കില്ല. ഐഒസി കോ- ബ്രാൻഡഡ് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഐഒസി പമ്ബുകളില്‍ 200 രൂപ ചെലവാക്കിയാല്‍ 6 പോയിന്റ് ലഭിക്കും.
ആക്ടിവേഷൻ ബോണസായി കാർഡ് ഇഷ്യു ചെയ്ത് ഒരു മാസത്തിനുള്ളില്‍ 3 തവണ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാട് നടത്തുമ്ബോള്‍ 200 പോയിന്റ് ലഭിക്കും. ജനന മാസത്തിലെ ചെലവാക്കലുകള്‍ക്ക് ബെർത്ത്ഡേ ബോണസ് എന്ന രീതിയില്‍ 2x ബോണസ് ലഭിക്കും. മാസത്തില്‍ പരമാവധി 200 പോയിന്റുകള്‍ വരെ നേടാം.
റിവാർഡ് പോയിന്റിന്റെ മൂല്യം
https: //rewardz.sbi എന്ന എസ്ബിഐ റിവാർഡ്സ് വെബ്സൈറ്റില്‍ നിന്നോ എസ്ബിഐ റിവാർഡ്സ് ആപ്പില്‍ നിന്നോ അക്കൗണ്ടില്‍ ലഭ്യമായ റിവാർഡുകള്‍ എത്രയാണെന്ന് അറിയാൻ സാധിക്കും. 1 റിവാർഡ് പോയിന്റ് 25 പൈസയ്ക്ക് തുല്യമാണ്. 1,000 റിവാർഡ് പോയിന്റുകള്‍ നേടുന്ന ഉപഭോക്താവിന് 250 രൂപയായി ഉപയോഗിക്കാം. അതേസമയം ഇടപാട് നടന്ന മാസം മുതല്‍ 36 മാസത്തേക്ക് റിവാർഡ് പോയിന്റുകള്‍ക്ക് സാധുതയുള്ളത്. പാർട്ണർ സ്റ്റോറുകളില്‍ നിന്ന് സമ്ബാദിക്കുന്ന അധിക പോയിന്റുകള്‍ക്ക് 12 മാസത്തേക്കാണ് സാധുത.
എങ്ങനെ റെഡീം ചെയ്യാം
എസ്ബിഐ റിവാർഡ് പോയിന്റുകള്‍ റിഡീം ചെയ്യുന്നതിന് https: //rewardz.sbi അല്ലെങ്കില്‍ എസ്ബിഐ റിവാർഡ്സ് മൊബൈല്‍ ആപ്പ് ഉപയോഗിക്കാം. കയ്യിലുള്ള റിവാർഡ് പോയിന്റുകള്‍ ഗിഫ്റ്റ് കാർഡ്, മൊബൈല്‍ റീചാർജ്, ഡിടിഎച്ച് റീചാർജ്, സിനിമാ ടിക്കറ്റുകള്‍, വിമാന ടിക്കറ്റ്, ഹോട്ടല്‍ ബുക്കിംഗ്, ബസ് ബുക്കിംഗ് എന്നിവയ്ക്ക് ഉപയോഗിക്കാനാകും.